തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികല ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നു കോടതി വ്യക്തമാക്കി. നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയുമാണ് ശിക്ഷ. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാമെന്ന സാധ്യതയും ഇല്ലാതായിരിക്കുകയാണ്. ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലിലാണ് കോടതി വിധി. വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞെന്നാണ് സൂചന.
ശശികലയ്‌ക്കെതിരായ കോടതിവിധി വലിയ ആ്ഹ്ലാദത്തോടെയാണ് തമിഴ് ജനത വരവേറ്റത്. തലസ്ഥാനമായ ചെന്നൈയില്‍ ഉള്‍പ്പെടെ കനത്ത പോലീസ് വലയത്തിലും പനീര്‍ശെല്‍വം പക്ഷത്തുള്ളവര്‍ തെരുവിലിറങ്ങി. രാവിലെ മുതല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയായിരുന്ന പനീര്‍ശെല്‍വത്തിനും അനുയായികള്‍ക്കും വിധി ഇരട്ടിമധുരമായി. ഇനി ശശികല ക്യാമ്പിലുള്ളവര്‍ തന്റെ ഒപ്പമെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനിടെ ശശികല ക്യാമ്പില്‍ നിന്നും സാഹസികമായി രക്ഷപെട്ട് ഒരു എംഎല്‍എ പനീര്‍ശെല്‍വം ക്യാമ്പിലെത്തി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മധുര എംഎല്‍എ ശരവണനാണ് മറുകണ്ടം ചാടിയത്.
ഗ്രീന്‍വെയ്‌സ് റോഡിലെ പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് സിനിമരംഗങ്ങളെ വെല്ലുന്ന സാഹസികത അദ്ദേഹം വിവരിച്ചത്. സ്വയം രൂപം മാറി, വേഷ പ്രച്ഛന്നനായി, മതില്‍ ചാടി കടന്നാണ് പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതെന്ന് ശരവണന്‍ അവകാശപ്പെട്ടു. താന്‍ ഒരു എഞ്ചിനീയറാണ്. റിസോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗം ഞാന്‍ തന്നെയാണ് ആസൂത്രണം ചെയ്തത്. താന്‍ വെറും പൂച്ച മാത്രമാണ്. പല സിംഹങ്ങളും റിസോര്‍ട്ടിലുണ്ട്. അവരെല്ലാം ചേരി മാറാന്‍ ആഗ്രഹിക്കുന്നവരാണ്ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു.