ശശികലയ്ക്ക് നാലു വര്‍ഷത്തെ തടവും പത്തുകോടി രൂപ പിഴയും വിധിച്ച സുപ്രീംകോടതി വിധി വരുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട ഒരു വ്യക്തിയുണ്ട്. വലിയ സമ്മര്‍ദങ്ങള്‍ക്കിടയിലും ജയലളിതയെയും ശശികലയെയും ശിക്ഷിച്ച ജോണ്‍ മൈക്കല്‍ കന്ഹയെ ന്യായാധിപനാണ് ആ വ്യക്തി. 2012 ഒക്ടോബര്‍ 29നാണ് ജോണ്‍ മൈക്കല്‍ കന്ഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈക്കോടതി നിയമിച്ചത്. 2014 സെപ്റ്റംബര്‍ 27ന് കേസില്‍ ബാംഗ്ലൂര്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയടക്കം നാലു പേര് കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. ജോണ്‍ മൈക്കല്‍ കുന്‍ഹയാണ് വിധി പ്രസ്താവം നടത്തിയത്.
ഭരണത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അതും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ത്രമായ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്ന ആരും ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യമാണ് ജോണ്‍ മൈക്കല്‍ ഡി കന്ഹ എന്ന ന്യായാധിപന് അന്ന് ചെയ്തത്. അധികാരം ഒഴിയാന്‍ മാത്രമല്ല അദ്ദേഹം തന്റെ വിധിയിലൂടെ ആവശ്യപ്പെട്ടത്. മറിച്ച്, തടവുശിക്ഷ അനുഭവിക്കാന്‍ കൂടിയായിരുന്നു. രാഷ്ട്രീയം തലയ്ക്കുപിടിച്ചിരിക്കുന്ന ജനങ്ങളുള്ള ഒരു സംസ്ഥാനത്തെ അടക്കി വാണിരുന്ന ഒരു നോതാവിനെതിരേ വിധി പ്രസ്താവിക്കാന്‍ അപാര മനക്കരുത്ത് ആവശ്യമായിരുന്നു. സ്വന്തം ജീവിതം വരെ പണയപ്പെടുത്തിക്കൊണ്ടാണ് അന്ന് അദ്ദേഹം ആ വിധി പ്രസ്താവിച്ചത്. ആക്ഷേപങ്ങളും ഭീഷണികളും കുറ്റപ്പെടുത്തലുകളും ധാരാളം കേട്ടു.
1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു പരാതി. തമിഴ്നാട്ടില്‍ പലയിടങ്ങളിലും ഭൂമി, നീലഗിരിയില്‍ തേയിലത്തോട്ടം, 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍ 750 ജോഡി ചെരുപ്പുകള്‍, 91 വാച്ചുകള്‍ എന്നിവ സമ്പാദിച്ചുവെന്നായിരുന്നു കേസ്. ഡിഎംകെ നേതാവായിരുന്ന കെ. അന്‍പഴകന്റേയും ജനതാപാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രമണ്യസ്വാമിയുടേയും പരാതിയില്‍ 1996 ല്‍ ഡിഎംകെ സര്‍ക്കാരാണ് കേസെടുത്തത്. 2001 ല്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന അന്‍പഴകന്റെ പരാതിയില്‍ സുപ്രീംകോടതിയാണ് കേസ് ബാംഗളൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.