പുനലൂർ: മന്ത്രിയായിട്ടും സ്വന്തം മണ്ഡലത്തിലെ എംഎൽഎ റോഡിന് ശാപമോക്ഷമില്ല. പുനലൂരിന്റെ എംഎൽഎ വനം മന്ത്രിയായിട്ടുപോലും എംഎൽഎ റോഡ് അവഗണിക്കപ്പെടുകയാണെന്നാണ് ആക്ഷേപം. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി കിടന്നിട്ടും മന്ത്രി കെ. രാജു റോഡിനെ അവഗണിച്ച മട്ടാണ്. പുനലൂരിന്റെ ഹൃദയഭാഗത്തിന് സമാന്തരമായി കടന്നുപോകുന്ന റോഡ് അധികാരികളുടെ അവഗണനയ്ക്ക് ഉത്തമഉദാഹരണമാണ്.
വർഷങ്ങളായി കെ. രാജു പുനലൂരിന്റെ എംഎൽഎയാണ്. എന്നാൽ എംഎൽഎ റോഡിന്റെ കാര്യത്തിൽ നടപടി സ്വീകരിക്കാൻ ജനപ്രതിനിധിയ്ക്ക് കഴിഞ്ഞിട്ടില്ല. ഗതാഗതകുരുക്ക് രൂക്ഷമായ പുനലൂരിൽ എംഎൽഎ റോഡാണ് ഏക ആശ്വാസം. ചെമ്മന്തൂർ വഴി എംഎൽഎ റോഡിൽ കയറി വെട്ടിപ്പുഴയിലിറങ്ങാവുന്ന റോഡാണിത്.
അനധികൃത കൈയേറ്റങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡും എംഎൽഎ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പരിഛേദമായി വിലയിരുത്താവുന്നതാണ്. നഗരത്തിലൂടെ കടന്നുപോകുന്ന ഈ ഇടുങ്ങിയ റോഡിനെ എംഎൽഎ അവഗണിക്കുമ്പോൾ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. എംഎൽഎ റോഡ് തന്നെ കടുത്ത ഗതികേടിലേക്ക് പോകുമ്പോൾ മറ്റ് വികസന പ്രവർത്തനങ്ങളുടെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.