തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ തൃശൂർ സ്വദേശിയായ ജിജേഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്മെന്റ് പോലീസ് കേസെടുത്തു. കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി ഷബാന നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന കുറ്റമാണ് ജിജേഷിനെതിരെ ചുമത്തിയിട്ടുള്ളത്. കോളജിൽ പെണ്സുഹൃത്തുക്കളെ കാണാനെത്തിയ ജിജേഷ് തനിക്കു നേരെ കൈയേ റ്റം നടത്തുകയും മോശമായ പദങ്ങൾ ഉപയോഗിക്കുകയും ചെയ്തെന്ന ഷബാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സംഭവം നടക്കുന്പോൾ ഷബാനയുടെ കൂടെയുണ്ടായിരുന്നെന്നു പറയുന്ന ഒന്നാം വർഷ വിദ്യാർഥി സൗമ്യയും ജിജേഷിനെതിരെ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ അക്രമസംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞാണ് ഷബാന ഇയാൾക്കെതിരേ മൊഴി നൽകിയത്. സംഭവം നടന്ന അന്നു തന്നെ പരാതി നൽകിയിരുന്നെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നാണ് ഷബാന പറയുന്നത്.
എന്നാൽ കേസ് ഒത്തുതീർപ്പിലെത്തിക്കുന്നതിനായി വാദിക്കെതിരെയും കേസെടുപ്പിക്കുന്നതിനുള്ള എസ്എഫ്ഐയുടെ തന്ത്രമാണിതെന്നും ഷബാനയുടെ മൊഴിക്കു പിന്നിൽ എസ്എഫ്ഐ നേതാക്കളുടെ സമ്മർദമുണ്ടെന്നും ആക്രമത്തിനിരയായ പെണ്കുട്ടികൾ ആരോപിക്കുന്നു. ഇവർ കഴിഞ്ഞ ദിവസം എസ്എഫ്ഐക്കാർക്കെതിരെ ദേശീയ വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
ജിജേഷും സുഹൃത്തുക്കളായ രണ്ടു വിദ്യാർഥിനികളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നെങ്കിലും ഇതുവരെയും ഒരാളെ പോലും കസ്റ്റഡിയിൽ എടുത്തിട്ടില്ല. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സമ്മർദം മൂലമാണ് പ്രതിചേർക്കപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.