എന്തൊരു നാറ്റം ..! കെഎസ്ആര്‍ടിസി ബസിനുനേരെ ബൈക്കിലെത്തിയ സംഘം ചാണകമെറിഞ്ഞു; യാത്രക്കാ രുടെ യാത്ര മുടങ്ങി

chanakomകരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ വേണാട് ബസിനുനേരെ ചാണക അഭിഷേകം. ചാണകം ദേഹത്ത് വീണതിനെ തുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ബസ് ട്രിപ്പും റദ്ദാക്കി. ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്നും കൊട്ടാരക്കരയിലേക്ക് ചെയിന്‍സര്‍വീസ് നടത്തുന്ന വേണാട് ബസ് സിവില്‍സ്‌റ്റേഷനുസമീപം പടനായര്‍കുളങ്ങര ക്ഷേത്രം ബസ്സ്‌റ്റോപ്പില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോഴാണ് സംഭവം.

നമ്പര്‍പ്ലേറ്റ് ഇല്ലാത്ത മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ബസിനുള്ളിലേക്ക് പ്ലാസ്റ്റിക് കവറുകളിലും പാട്ടയിലും നിറച്ച ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും വീണു. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം നിരവധി യാത്രക്കാരുടെ യാത്ര ഇതോടെ മുടങ്ങി.

പോലീസ് സ്‌റ്റേഷനു 200 മീറ്ററകലെയാണ് സംഭവം. സംഭവത്തിനു ശേഷം ബൈക്കുകളില്‍ രക്ഷപ്പെട്ട ഇവരെ നാട്ടുകാര്‍ പിന്തുടര്‍ന്നങ്കിലും കണ്ടെത്താനായില്ല. ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബസ് പരിശോധിച്ച് കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബസ് ട്രിപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഇന്നലത്തെ കളക്ഷനായ പതിനയ്യായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഡിപ്പോ അധികൃതര്‍ അറിയിച്ചു. ബൈക്കിലെത്തിയ യുവാക്കളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

Related posts