തൃശൂർ: സംസ്ഥാന ഭാഗ്യക്കുറിയിൽ പതിനായിരം രൂപയുടെ സമ്മാനം അടിച്ചാൽ ദൗർഭാഗ്യമാകുമെന്നു ലോട്ടറി ഏജന്റുമാരും ഭാഗ്യാന്വേഷികളും. പതിനായിരം രൂപയുടെ സമ്മാനം അടിച്ചാൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ഭാഗ്യവാൻ ജില്ലാ ലോട്ടറി ഓഫീസിൽ എത്തിയാലേ സമ്മാനത്തുകയ്ക്കുള്ള ചെക്ക് കൈപ്പറ്റാനാകൂ.
അവസാന അഞ്ചക്ക നമ്പർ ശരിയാകുന്ന ടിക്കറ്റുകൾക്കാണു പതിനായിരം രൂപ സമ്മാനം. ചിലർ വിവിധ സീരിയലുകളിലെ ഒരേ നമ്പർ ടിക്കറ്റുകൾ വാങ്ങിവയ്ക്കാറുണ്ട്. ഇപ്രകാരം വാങ്ങുന്ന ഒരേ നമ്പർ ടിക്കറ്റുകളിൽ പതിനായിരം അടിച്ചാൽ ഭാഗ്യവാൻ വട്ടംകറങ്ങേണ്ടിവരും. ഒരാൾക്ക് ഒരു സമ്മാനത്തുകയേ നൽകൂ.
എല്ലാ ടിക്കറ്റിലേയും തുക കൈപ്പറ്റണമെങ്കിൽ തിരിച്ചറിയൽ കാർഡും ബാങ്ക് അക്കൗണ്ടുമുള്ള അത്രയും പേരേയുംകൊണ്ട് ലോട്ടറി ഓഫീസിൽ എത്തേണ്ടിവരും. സമ്മാനം നേടിയ ടിക്കറ്റ് ഇതര ജില്ലയിൽനിന്നുള്ളതാണെങ്കിൽ ടിക്കറ്റും രേഖകളുമായി ആ ജില്ലയിൽ ഹാജരാകണം.
അല്ലെങ്കിൽ പരിശോധനകൾ പൂർത്തിയാക്കി ടിക്കറ്റിനുള്ള സമ്മാനം അനുവദിച്ചുകിട്ടുമ്പോൾ ഒരു മാസം കഴിയും. നേരത്തെ പതിനായിരം രൂപയുടെ സമ്മാനത്തുക വാങ്ങിക്കൊടുത്തിരുന്നതു ലോട്ടറി ഏജന്റുമാരായിരുന്നു. എന്നാൽ, ലോട്ടറി വ്യാപാരികൾക്കു സമ്മാനത്തുക കൈമാറേണ്ടതില്ലെന്നു ലോട്ടറി വകുപ്പ് ജില്ലാ ലോട്ടറി ഓഫീസുകളിലേക്കു നിർദേശം നല്കിയിരിക്കുകയാണ്.