തിരുവനന്തപുരം: കണ്ണൂരിൽ സർവകക്ഷി യോഗം കൂടുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മസ്കറ്റ് ഹോട്ടലിൽ അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും നടത്തിയ ചർച്ചയിൽ കൊടുക്കൽ വാങ്ങലുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ട്.
അതുകൊണ്ടു തന്നെ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തിൽ യുഡിഎഫും പങ്കുചേർന്നപ്പോൾ സംസ്ഥാനത്തു കോണ്ഗ്രസ്-ലീഗ്-ബിജെപി സഖ്യമെന്നു ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിണറായി -കുമ്മനം കൂടിക്കാഴ്ചയെ സംബന്ധിച്ചു പ്രതികരിക്കാൻ തയാറാകണമെന്നും പ്രേമചന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നാലു പേർ കൊലചെയ്യപ്പെട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ ഒരു ശ്രമവും നടന്നില്ല. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി മുൻകൈയെടുത്തു ബിജെപി നേതാക്കളുമായി മാത്രം അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതു രാഷ്ട്രീയമായി ഏറെ സംശയങ്ങൾക്കു കാരണമായിരിക്കുകയാണ്. കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപിയെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്നവർ ഉള്ള ശരിയെപ്പോലും ഇല്ലാതാക്കുകയാണ്. ജനതാദൾ-യു നേതാവും മുൻ മന്ത്രിയുമായ വി. സുരേന്ദ്രൻ പിള്ള, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം.സലീം , ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.