അമ്പലപ്പുഴ: തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈദ്യുതി മന്ത്രി എം.എം. മണി ആശുപത്രിയിൽ.ദേശീയ പാതയിൽ പറവൂർ ജംഗ്ഷന് സമീപം വെച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെ കാക്കാഴം ഭാഗത്തു വച്ചും പറവൂർ ഭാഗത്തു വച്ചും ഛർദിക്കുകയും ക്ഷീണിതനായും കാണപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ അനുഗമിച്ചിരുന്ന അമ്പലപ്പുഴ പോലീസ് ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബി.പി.കുറവും, ഇ.സി.ജി യിൽ വ്യത്യാസവും കണ്ടതിനെ തുടർന്ന് എം.എം. മണിയെ ഹൃദയവിഭാഗം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രി സുഖം പ്രാപിച്ചു വരുന്നതായും ഇന്ന് ആശുപത്രി വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് രാഷ്ട്രീയ നേതാക്കളും, സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു.