ചെന്നൈ: തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസത്തിനകം പളനിസാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.
ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അദ്ദേഹം പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. അതേസമയം, ഗവര്‍ണര്‍ പളനിസാമിയെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചതോടെ അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്കു നീങ്ങുകയാണ്. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെ അടുത്ത നീക്കം നിര്‍ണായകമായിരിക്കും. 12 എംഎല്‍എമാര്‍ പ്രത്യക്ഷത്തില്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 124 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന അവകാശവാദമാണ് ശശികല ക്യാന്പ് ഉന്നയിക്കുന്നത്.
സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പളനിസാമിയെ ഇന്നു രാവിലെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയിരുന്നു. അഞ്ച് എംഎല്‍എമാര്‍ക്കൊപ്പമാണ് പളനിസാമി ഗവര്‍ണറെ കാണാന്‍ എത്തിയത്. ബുധനാഴ്ച വൈകിട്ട് പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പളനിസാമി ഇന്നു വീണ്ടും ഗവര്‍ണറെ കണ്ടത്.
ശശികലയുടെ വിശ്വസ്തന്‍
ചെന്നൈ: ജയലളിതക്ക് ശശികല എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ശശികലയ്ക്ക് പളനിസാമി. ശശികലയ്ക്കു പളനിസാമിയോടുള്ള വിശ്വാസമാണ് അദ്ദേഹത്തെ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെ ഒരു പിളര്‍പ്പിലാണ് എടപ്പാടി കെ. പളനിസാമിയുടെ ഉദയം. ഇതുവരെ മന്ത്രിസഭയില്‍ മൂന്നാമനായിരുന്നു പളനിസാമി. രണ്ടാമനായിരുന്ന പനീര്‍ശെല്‍വം മറുചേരിയിലാകുന്നതോടെയാണ് പളനിസാമിക്കു നേതൃപദവിയിലേക്കുള്ള വഴി തുറന്നുകിട്ടിയത്.
അറുപത്തിമൂന്നു വയസുള്ള പളനിസാമി സേലം ജില്ലയിലെ എടപ്പാടി താലൂക്കില്‍ നെടുങ്ങുളം ഗ്രാമക്കാരനാണ്. 1980കളുടെ തുടക്കത്തിലാണ് ഈ കര്‍ഷകന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. എം.ജി.ആറിന്‍റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അന്നു പ്രാദേശിക നേതാവായിരുന്ന പളനിസാമി ജയലളിതയുടെ പക്ഷത്തുനിന്നു. കൊങ്ങുവെള്ളാള ഗൗണ്ടര്‍ സമുദായത്തില്‍നിന്നുള്ള അന്നത്തെ യുവ നേതാവിനു ലഭിച്ച പ്രതിഫലമാണ് എടപ്പാടിയിലെ എംഎല്‍എ സ്ഥാനം.
ജയലളിതയുടെ ഭരണകാലത്തു ശശികലയുടെ തേവര്‍ സമുദായക്കാര്‍ക്കായിരുന്നു പ്രാമുഖ്യം. ഇനി പളനിസാമി മുഖ്യനാകുന്നതോടെ ഗൗണ്ടര്‍മാര്‍ ആ സ്ഥാനം നേടും. കൃഷിയിലും വ്യാപാരത്തിലും വ്യവസായത്തിലും മിടുക്കരായ ഗൗണ്ടര്‍ സമുദായത്തിന് ഇപ്പോള്‍ ശശികലയുടെ ഗ്രൂപ്പില്‍ വലിയ പദവിയാണുള്ളത്. പനീര്‍ശെല്‍വത്തിന്‍റെ കൂടെ പോയ മധുസൂദനനു പകരം പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായ കെ.എ. ചെങ്കോട്ടയ്യനും ശശികലയുടെ മറ്റൊരു വിശ്വസ്തനായ വൈദ്യുതിമന്ത്രി പി. തങ്കമണിയും ഗൗണ്ടര്‍മാരാണ്.