തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം. 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 1.40നാണ് തൃശൂർ അമല ആശുപത്രിയിൽ വെച്ച് കാരമുക്ക് വിളക്കുംകാൽ കാട്ടുങ്ങൽ വീട്ടിൽ ചന്ദ്രബോസ്(47) മരണമടയുന്നത്. പുഴയ്ക്കലിലെ ടൗണ്‍ഷിപ്പിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ പ്രമുഖ വ്യവസായിയും ടൗണ്‍ഷിപ്പിലെ താമസക്കാരനുമായിരുന്ന കിംഗ് ബീഡി മാനേജിംഗ് ഡയറക്ടറായ അടയ്ക്കപറന്പിൽ വീട്ടിൽ മുഹമ്മദ് നിസാം(38) തന്റെ ആഡംബര വാഹനമായ ഹമ്മർ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
കേരളത്തെ മുഴുവൻ ഞെട്ടിച്ച മനുഷ്യത്വരഹിതമായ ആക്രമണത്തിൽ ചന്ദ്രബോസിന്റെ ശരീരത്തിൽ പതിനഞ്ചിലധികം മുറിവുകളുണ്ട ായിരുന്നു. ഒന്‍പതു വാരിയെല്ലുകൾക്ക് ക്ഷതങ്ങൾ സംഭവിച്ചിരുന്നു. ഇടതു കൈ ഒടിയുകയും ചില ഭാഗങ്ങളിലെ മാംസം പൂർണമായും നഷ്ടമാവുകയും ചെയ്തിരുന്നു. വാരിയെല്ലുകളിലെ പൊട്ടലുകളിൽ ഉണ്ടായ അണുബാധ ന്യൂമോണിയ വരാനും കാരണമായി. ചന്ദ്രബോസിന്റെ വൻകുടലിലും ചെറുകുടലിലും വ്യാപകമായി രക്തം കട്ടപിടിച്ചിരുന്നു.
ഒരു പാതിരാത്രിക്കും പുലർകാലത്തിനും മധ്യേയായിരുന്നു കേരളത്തെ മുഴുവൻ ഞെട്ടിച്ച ആക്രമണം ഉണ്ടാകുന്നത്. 2015 ജനുവരി 28ന് അർധരാത്രിക്കും ജനുവരി 29ന് പുലർച്ചെയ്ക്കും ഇടയിലാണ് ചന്ദ്രബോസിനു നേരെ മുഹമ്മദ് നിസാമിന്റെ ക്രൂരത അരങ്ങേറുന്നത്. ചന്ദ്രബോസിനെ ക്രൂരമായി മർദ്ദിക്കുകയും ജീപ്പിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ചന്ദ്രബോസ് മരണമടഞ്ഞതോടെ നിസാമിന്റെ ജാമ്യം തള്ളുകയും പിന്നീട് നിസാം ഒരിക്കൽ പോലും പുറംലോകം കാണുകയും ചെയ്തില്ല. കേസിനും വിചാരണക്കുമൊടുവിൽ നിസാമിന് ഇരട്ട ജീവപര്യന്തം ശിക്ഷി വിധിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് നിസാം ഇപ്പോൾ. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയ്ക്ക് സർക്കാർ ഒൗഷധിയിൽ ജോലി നൽകുകയും ചെയ്തു.