മങ്കൊമ്പ്: കുട്ടനാട്ടിലെ പുഞ്ചക്കൃഷിക്കു നാശം വിതയ്ക്കുന്ന എരണ്ടകളെ നിയന്ത്രിക്കാൻ വനം–വന്യജീവി വകുപ്പുകളുടെ ഇടപെടലുണ്ടാകണമെന്ന് കർഷകർ. വന്യജീവികളെ സംരക്ഷിക്കുക മാത്രമല്ല അവയിൽ നിന്നു കൃഷിക്കും, കർഷകർക്കും സംരക്ഷണം നൽകാനും വകുപ്പധികൃതർക്ക് ഉത്തരവാദിത്വമുണ്ടെന്നും കർഷകർ വാദിക്കുന്നു.
കുട്ടനാട്ടിൽ ഇപ്പോൾ കാണുന്ന ദേശാടനപക്ഷികൾ സൈബീരിയയിൽ നിന്നുള്ളവയാണ്. സീസൺ കഴിഞ്ഞാലും ഇപ്പോൾ ഇവ മടങ്ങിപോകാറില്ലെന്നാണ് കർഷകർ പറയുന്നത്. മടവീഴ്ചയെത്തുടർന്നു കൃഷിയില്ലാതെ കിടക്കുന്ന ഡി ബ്ലോക്കു കായലിൽ താവളമാക്കിയിരിക്കുകയാണിവ. 84 മുതലുള്ള തന്റെ കാർഷികവൃത്തിക്കിടെ ആദ്യമായാണ് ഇങ്ങനെ വൻതോതിലുള്ള ആക്രമണമനുഭവപ്പെടുന്നതെന്ന് പ്രമുഖ കർഷകനായ ടിറ്റോ എബ്രഹാം കൈനടി പറയുന്നു.
രാപകൽ ഭേദമന്യേ കായലിൽ ചെലവഴിക്കുന്ന കർഷകർ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയുമാണ് എരണ്ടകളെ പ്രതിരോധിക്കുന്നത്്. വൻകിട കർഷകർ രാത്രിയും പകലും പ്രത്യേകം പ്രത്യേകം തൊഴിലാളികളെ നിയമിച്ചിരിക്കുകയാണ്. എന്നാൽ വന്യജീവിയിനത്തിൽ പെട്ടവയായതിനാൽ ഇവയെ ആക്രമിക്കുന്നത് കുറ്റകരമാണ്.
കുമരകത്തുള്ള വനം വകുപ്പധികൃതർക്കു പട്രോളിംഗിനായി രണ്ടു സ്പീഡ് ബോട്ടുകളുണ്ട്. പകൽസമയങ്ങളിൽ കായലിൽകൂടി കറങ്ങിനടക്കുന്ന ഉദ്യോഗസ്ഥർ വിളവെടുപ്പു പൂർത്തിയാകുംവരെ കായൽമേഖലകളിൽ നെൽക്കൃഷിക്കു സംരക്ഷണം നൽകണമെന്നതാണ് കർഷകരുടെ ആവശ്യം.