കോട്ടയം: കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.അനിൽകുമാറിന്റെ ഫോണ് ചോർത്തിയെന്ന ആരോപണം പാർട്ടിയിൽ ചർച്ചചെയ്തു. എന്നാൽ, വി.എൻ. വാസവനെ ശാസിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അറിയിച്ചു. വാസവനെതിരേ ഒരു അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. അനിൽകുമാറിന്റെ ഫോണ് രേഖകൾ പാർട്ടി അറിയാതെ വാസവൻ ശേഖരിച്ചുവെന്നത് ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. പാർട്ടിയുടെ അനുമതിയോടെ ഫോണ് രേഖകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ഒന്പത്, 10 തീയതികളിൽ പ്ലീനം റിപ്പോർട്ടിംഗിന്റെ ഭാഗമായി സംഘടനാ ചർച്ചക്കായി ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.സി. ജോസഫൈൻ, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്.