ഞെട്ടിത്തരിച്ചു മസ്കറ്റ് മലയാളികള്‍! കൊല്ലപ്പെട്ടതു മൂന്നാമത്തെ മലയാളി യുവതി; കൊല്ലപ്പെട്ടതില്‍ സമാനത; ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടതു ആറു മലയാളികള്‍

Muscut-crime

മസ്കറ്റ്: തുടര്‍ച്ചയായി മലയാളി യുവതികള്‍ കൊല്ലപ്പെടുന്നതില്‍ ഞെട്ടിത്തരിച്ചു മസ്കറ്റിലെ മലയാളി സമൂഹം. സലാലയില്‍ ഏതാനും മാസങ്ങള്‍ക്കിടെ  മൂന്നാമത്തെ മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിനു സമീപത്തുള്ള ഫ്‌ളാറ്റിലാണ് നഴ്‌സ് ആയ ഷെബിന്‍റെ മൃതദേഹം കാണപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന ജീവന്‍ ആണ് ഷെബിന്‍റെ ഭര്‍ത്താവ്. രണ്ടാഴ്ച മുന്പ് ഒരു ഒരു മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറുംമുന്‌പേയാണ് മറ്റൊരു കൊലപാതക വാര്‍ത്ത പ്രവാസി സമൂഹത്തെ നടുക്കിയത്.

ഈ മാസം മൂന്നിന് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗിലെ ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധു (21) കൊല്ലപ്പെട്ടിരുന്നു.  സലാലയിലെ വീട്ടിലാണ് സിന്ധു കൊല്ലപ്പെട്ടത്. കവര്‍ച്ച തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറഞ്ഞത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു.  കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മലയാളി യുവതിയുടെ കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചിരുന്നു. എറണാകുളം സ്വദേശിനിയായ ചിക്കു റോബര്‍ട്ടിനെ(27)യാണു ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. ചിക്കുവിനും ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു. മൂന്നു മാസം ഗര്‍ഭിണി ആയിരിക്കുന്‌പോഴാണ് ചിക്കു ആക്രമിക്കപ്പെട്ടത്.  ചിക്കുവിന്‍റെയും സിന്ധുവിന്‍റെയും കൊലപാതത്തിനു സമാനമാണു ഷെബിന്‍റെയും കൊലപാതകമെന്നാണ് അവിടെനിന്നുള്ള പ്രാഥമിക സൂചനകള്‍.

കഴിഞ്ഞ ജനുവരി 22ന് മറ്റൊരു സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളെ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.  ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂണില്‍ കോട്ടയം മണര്‍കാട് സ്വദേശിയായ ജോണ്‍ ഫിലിപ്പ് കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചയാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആറ് ഒമാന്‍ പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ജെബല്‍ ഹഫീത്ത് എന്ന സ്ഥലത്തെ പെട്രോള്‍ബങ്കില്‍ ജോലി ചെയ്യുകയായിരുന്നു ജോണ്‍ ഫിലിപ്പ്.

മലയാളിയുവതികള്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്‍റെ കാരണമറിയാതെ ആശങ്കയിലാണ് മലയാളിക്കുടുംബങ്ങള്‍. യുവതികളെ വീട്ടിലാക്കി ജോലിക്കു പോകാന്‍ പോലും  പലര്‍ക്കും ഇപ്പോള്‍ ആശങ്കയാണ്. ജോലിക്കായി എത്തി താമസിക്കുന്ന ബഹുഭൂരിപക്ഷം മലയാളിക്കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണ്. മിക്കവാറും രണ്ടു പേര്‍ക്കും രണ്ടു സമയങ്ങളിലാവും ജോലി. അതിനാല്‍ ഒറ്റയ്ക്കു ഫ്‌ളാറ്റിലും മറ്റും കഴിയേണ്ടി വരും. ഇങ്ങനെ ഒറ്റയ്ക്ക് ആയിരുന്നപ്പോഴാണ് യുവതികള്‍ ആക്രമിക്കപ്പെട്ടതെന്നു കരുതുന്നു.

Related posts