ജോസി ജോസഫ്
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാന്റിട്ട മന്ത്രി തീരുമാനിക്കണം.(വേട്ടി കട്ടിയ അമൈച്ചർ പത്താത്, പാന്റുപോട്ട അമൈച്ചർ നിനയ്ക്കണം) ഇതിനർത്ഥം ഇവിടെ പാന്റിട്ട മന്ത്രിയുണ്ടെന്നല്ല. മുണ്ടുടുത്ത ഓരോ മന്ത്രിയുടേയും കൂടെ പാന്റിട്ട് നല്ല ചുറുചുറുക്കള്ള പിഎ മാർ ഉണ്ടെന്നും അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നുമാണ്. മന്നാർഗുഡി മാഫിയയുടെ മന്ത്രിതലത്തിലെ പ്രധാന ഓപ്പറേറ്റർമാരാണ് ഇവർ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ജയലളിതയുടെ 2011 ലെ നടപടി. അന്ന് ശശികലയടക്കമുള്ളവരെ പോയസ് ഗാർഡനിൽനിന്നും പാർട്ടിയിൽനിന്നും ജയലളിത പുറത്താക്കിയപ്പോൾ ഒപ്പം മന്ത്രിതലത്തിൽ പ്രബലരായ 38 ഉദ്യോഗസ്ഥരേയും പുകച്ചുചാടിച്ചു. ഇവരായിരുന്നു മന്നാർഗുഡിമാഫിയയുടെ തീരുമാനങ്ങൾ മന്ത്രിതലത്തിൽ എടുത്തിരുന്നത് എന്ന തിരിച്ചറിവാണ് അന്ന് ജയലളിതയെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്.
മന്നാർഗുഡി മാഫിയയുടെ വേരുകൾ സർക്കാരിന്റെ എല്ലാ തലങ്ങളിലേക്കും നീണ്ടതും എന്നാൽ പുറത്തുകാണാത്തതുമാണ് എന്നാണ് തുടർന്നുള്ള ദിനങ്ങളിൽ വിവിധ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഭരണത്തിന്റെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും തങ്ങളുടെ ആളുകളായിരുന്നു. ഐഎഎസ്, ഐപിഎസ് തലം മുതൽ ഇങ്ങുതാഴെ പഞ്ചായത്തുവരെ ഈ വേരുകൾ പടർന്നു കിടക്കുന്നു എന്നും ഇവരുടെ പിടിയിലാണ് ഭരണം എന്നുമായിരുന്നു കണ്ടെത്തൽ. എവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇവർ അറിഞ്ഞിരിക്കും. ഏത് നടക്കണം ഏത് നടക്കരുത് എന്നും അവർ തീരുമാനിക്കും. അതിനാൽ ഏതു സർക്കാർ വന്നാലും തങ്ങളുടെ കാര്യങ്ങൾക്ക് യാതൊരു മുടക്കവും വരില്ല എന്ന് ഇക്കൂട്ടർ ഉറപ്പാക്കിയിരുന്നുവത്രേ. ഇങ്ങനെ ചങ്ങലക്കണ്ണി പോലുള്ള ഒരു വ്യാപകമായ അധികാര ശൃംഖലയുടെ ബലത്തിലാണത്രേ ഒന്നുമില്ലായ്മയിൽനിന്ന് മന്നാർഗുഡി മാഫിയ കോടികൾ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
സംസ്ഥാനത്ത് നടക്കുന്ന പ്രധാനപ്പെട്ട എല്ലാ ബിസിനസുകളിലും ഈ സംഘം ഇടപെടും. തങ്ങൾക്കു ലഭിക്കേണ്ട വിഹിതം ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ ഭംഗിയായി നടക്കുകയുള്ളൂ. മാഫിയയ്ക്ക് കമ്മീഷൻ നൽകാത്തതിന്റെ പേരിൽ സംസ്ഥാനത്തിനു വൻ കുതിച്ചുചാട്ടം തന്നെ നൽകിയേക്കാമായിരുന്ന പല വൻ കരാറുകളും റദ്ദാക്കപ്പെടുന്നു എന്ന ആരോപണവുമായി പ്രമുഖ രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. ഇങ്ങനെ നടക്കാതെ പോയവയിൽ വിദേശരാജ്യങ്ങളുമായി കരാറായേക്കാമായിരുന്ന വൻ പദ്ധതികളും ഉണ്ടായിരുന്നത്രേ. ഒരു വൻ പദ്ധതിയുമായി തമഴ്നാട് സർക്കാരിനെ സമീപിച്ച ഒരു എൻആർഐയോട് പതിനഞ്ചു ശതമാനമാണത്രേ അന്ന് ആവശ്യപ്പെട്ട കമ്മീഷൻ. അതിനാൽ ആ ബിസിനസ് സംരംഭം ഗുജറാത്തിലേക്കു മാറ്റി. ഇതറിഞ്ഞ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ജയലളിതയുമായി ഇക്കാര്യം സംസാരിക്കുകയും മന്നാർഗുഡി മാഫിയയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
ഈ മാഫിയക്കൂട്ടത്തിലെ പ്രധാനി എന്നു പറയപ്പെടുന്ന ശശികലയുടെ ഭർത്താവ് നടരാജൻ എംജി ആറിന്റെ കാലത്താണ്എ ഐഎഡിഎംകെയിൽ ചേരുന്നത്. എന്നാൽ വിവിധ അഴിമതിക്കേസുകൾ നടരാജനെതിരേ ഉയർന്നതോടെ ഇയാളെ ജയലളിത പാർട്ടിയിൽനിന്ന് പുറത്താക്കി. ഇടയ്ക്ക് ഭൂമി ഇടപാടുകേസിൽ ജയിലിലാകുകയുംചെയ്തു. ജയലളിതയ്ക്കുശേഷം മുഖ്യമന്ത്രിയായേക്കും എന്ന് ഒരു സമയത്ത് പറഞ്ഞുകേട്ടിരുന്ന നടരാജനാണ് ജയലളിതയുടെ മരണശേഷം പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ നടത്തിയത് എന്നു പറയുന്നു. വളരെ കൂർമബുദ്ധിക്കാരനായ ഇയാൾ എല്ലാ നേതാക്കന്മാരുമായും നല്ല ബന്ധം പുലർത്തുന്നയാളാണ്. വിപുലമായ ബന്ധം സ്ഥാപിക്കുന്നതിനും അത് കൊണ്ടുനടക്കുന്നതിനും നടരാജന് അസാമാന്യ കഴിവാണ് ഉള്ളത്. അതുകൊണ്ടാണ് ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൽ പ്രധാനമന്ത്രിക്ക് ബിജെപി നേതാക്കൾ നടരാജനെ പരിചയപ്പെടുത്തിക്കൊടുത്തത്.
1980 കളിൽ ശശികല ജയലളിതയുമായി അടുക്കുന്ന സമയത്ത് സഹോദരൻ ദിവാഹരൻ കയറി ഇരിക്കാൻ പോലും ഇടമില്ലാത്ത ആളായിരുന്നു എന്ന് മന്നാർഗുഡിക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് അലഞ്ഞുനടന്ന ദിവാഹരൻ പിന്നീട് വിദേശത്തേക്ക് പോയി. ഉടൻതന്നെ തിരിച്ചെത്തുകയുംചെയ്തു. തുടർന്നങ്ങോട്ട് ദിവാഹരന്റെയും ബന്ധുക്കളുടേയും ഉയർച്ചയുടെ കാലഘട്ടമായിരുന്നു. അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി സ്ഥാപനങ്ങളാണ് ഇവർക്കുള്ളത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് മാഫിയ സംഘാംഗങ്ങൾക്ക് വിവിധ കന്പനികളിലുള്ളത് എന്നാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുള്ള കണക്കുകൾ.
ഇവരുടെയെല്ലാം നേതാവ് ശശികലയെ കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ വിശേഷിപ്പിച്ചത് വനിതാ അധോലോക നായിക എന്നാണ്. വെറും ദരിദ്രനായിരുന്ന ദിവാഹരൻ മന്നാർഗുഡിയിൽ ഇന്ന് അറിയപ്പെടുന്നത് ബോസ് എന്നാണ്. നിരവധി സ്ഥാപനങ്ങളും ബിസിനസുമുള്ള ദിവാഹരന് കോടികൾ വിലമതിക്കുന്ന ഒരു വനിതാ കോളജും മന്നാർഗുഡിയിലുണ്ട്. എസ്ടിഇടി വിമൻസ് കോളജ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കോളജ് സ്ഥാപിതമായത് 1994 ൽ ആണ്. ഈ കോളജിന്റെ വളർച്ചയും വളരെ പെട്ടെന്നായിരുന്നു. ഭാരതി ദാസൻ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ കോളജ് നാക് അക്രെഡിറ്റേഷനിൽ എ 2015 ൽ നേടിയിരുന്നു. ഇവിടെ ഇന്ന് പിഎച്ച്ഡി പഠനം നടത്തിന്നതിനുവരെയുള്ള സൗകര്യങ്ങൾ ഉണ്ട്.
മന്നാർഗുഡി സുന്ദരക്കോട്ടയിലെ തന്റെ കോളജിന് എതിർവശത്തായുള്ള ആഡംബര വീട്ടിലാണ് ദിവാഹരന്റെ താമസം. കോടികൾ വിലമതിക്കുന്ന ഇവിടത്തെ ഈ ആസ്തികൾ അറിയപ്പെടുന്ന സ്വത്തുക്കളിൽ ചിലതുമാത്രമാണ്. തഞ്ചാവൂരും ചുറ്റുമുള്ള ജില്ലകളും ദിവാഹരന്റെ നിയന്ത്രണത്തിലാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വാർത്തകൾ. ഈ പ്രദേശങ്ങളിലെ എല്ലാ ഓപ്പറേഷനുകളും ദിവാഹരൻ വഴിയാണത്രേ നടക്കുന്നത്.
ദിനകരനും സുധാകരനും ഭാസ്കരനും തേനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ കാര്യങ്ങൾ ഈ മൂവർസംഘത്തിന്റെ കീഴിലാണ് നടക്കുന്നത്. ഇതിൽ സുധാകരനെയാണ് വളർത്തുമകനായി ജയലളിത ദത്തെടുക്കുകയും വിവാഹം അത്യാഡംബരപൂർവം നടത്തുകയുംചെയ്തത്. ഈ വിവാഹത്തിലെ ആഡംബരത്തിന്റെ അതിപ്രസരമാണ് ജയലളിതയെ ആദായനികുതിക്കാരുടെ നോട്ടപ്പുള്ളിയാക്കുകയും വരവിൽകവിഞ്ഞ സ്വത്ത് സന്പാദിച്ച കേസിൽ കുടുക്കുകയുംചെയ്തത്. 1995 ൽ ആയിരുന്നു ഈ വിവാഹം. എന്നാൽ തന്റെ വളർത്തുമകന്റെ ചില ദുർ നടപടികളിൽ അരിശംകൊണ്ടാണെന്നു പറയുന്നു, ഇയാൾ വളർത്തുമകനല്ലെന്ന് ജയലളിത പിന്നീട് പ്രഖ്യാപിച്ചു. ഇടയ്ക്ക് പോയസ്ഗാർഡനിൽനിന്ന് കോടികൾ അയാൾ കടത്തിക്കൊണ്ടുപോയി എന്നും ആരോപണമുണ്ടായി. തുടർന്ന് സുധാകരൻ ജെജെടിവി ആരംഭിക്കുകയും അത് വൻ അഴിമതിയിൽ കലാശിക്കുകയും കോടതി ശിക്ഷിക്കുകയുംചെയ്തു.
ശശികലയുടെ മറ്റൊരു സഹോദരന്റെ മകൻ ടിവി മഹാദേവനാണ് ട്രിച്ചിയും ചുറ്റുമുള്ള കാര്യങ്ങളും നോക്കുന്നത്. പടിഞ്ഞാറൻ തമിഴ്നാടിന്റെ കാര്യം മറ്റൊരു ബന്ധുവിനാണ്. ചെന്നൈയി ൽ ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത് പ്രധാനമായും ശശികലയും ഇളവരശിയുമാണ്. കൂടാതെ ബന്ധുക്കളായ പ്രഭ, ശിവകുമാർ, വെങ്കിടേഷ്,അനുരാധ, കാർത്തികേയൻ തുടങ്ങിയവരുമുണ്ട്. ഇങ്ങനെ തമിഴ്നാടിനെ ആകെ വീതിച്ചെടുത്ത് തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നത്രേ മന്നാർഗുഡി മാഫിയ.
മന്നാർഗുഡിയിലെ ഈ മാഫിയ സംസ്ഥാനത്ത് വേരോട്ടം തുടങ്ങുന്നതിനു മുന്പ് അതിനുള്ള വളക്കൂറുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇക്കാര്യം ഭംഗിയായി നിർവഹിച്ചത് ശശികലയായിരുന്നു. ജയലളിതയുമായുള്ള ശശികലയുടെ കൂട്ട് മുറുകി വന്ന കാലഘട്ടത്തിൽ അതേവരെ പോയസ്ഗാർഡനിലെ കാര്യങ്ങൾ നോക്കിവന്നിരുന്നവരെല്ലാം പുറത്തായി.ഏതു കാര്യത്തിന് ആര് ജയലളിതയെ സന്ദർശിക്കാനെത്തിയാലും ശരികലയുടെ അനുമതി വേണം എന്നതായി അവസ്ഥ. തുടർന്ന് ചെറിയ ചെറിയ കാര്യങ്ങൾ ശശികലതന്നെ തീരുമാനമെടുക്കാൻ ജയലളിത അനുമതി നൽകി. പിന്നീടങ്ങോട്ട് മന്ത്രിമാർ നയപരമായ കാര്യങ്ങൾപോലും ശശികലയോട് ആലോചിച്ച് തീരുമാനിക്കാൻ തുടങ്ങി. കളക്ടർമാരുടെ യോഗം പോലുള്ള പ്രധാനപ്പെട്ട മീറ്റിംഗുകൾ ശശികലയുടെ സാന്നിധ്യത്തിലായി. അവരുടെ വാക്കുകൾ വേദവാക്കായി. ചുരുക്കത്തിൽ സത്യപ്രതിജ്ഞചെയ്യാത്ത ഉപമുഖ്യമന്ത്രിയായി ശശികല.
പാർട്ടി കാര്യങ്ങൾ ചർച്ചചെയ്യാൻ എത്തിയിരുന്നവരുമായി സംസാരിക്കാൻ ജയലളിത ശശികലയെയാണ് ചുമതലപ്പെടുത്തിയത്. അത് നല്ല ഒരു അവസരമായി. അങ്ങനെ പാർട്ടിയിലും മോശമല്ലാത്ത ഒരു പിടി ശശികലയ്ക്കുണ്ടായി. തുടർന്ന് പാർട്ടിയുടെ പ്രധാന സ്ഥാനങ്ങലിലെല്ലാം തനിക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാൻ ശശികലയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇങ്ങനെ പടിപടിയായുള്ള ശശികലയുടെ വളർച്ചയ്ക്കിടെ തന്റെ കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ജയലളിത അറിഞ്ഞില്ല. ഗൗരവമുള്ള ആരോപണങ്ങളാണ് ശശികലയേയും കുടുംബാംഗങ്ങളേയും കുറിച്ച് ഉയരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ഇവരുടെ സമ്മർദം പലകാര്യങ്ങളിലും കൂടിവന്നതോടെ ജയലളിതയ്ക്ക് പ്രതികരിക്കാതിരിക്കാനായില്ല. പക്ഷെ ഒരുമുഴം മുന്പേ എറിയുന്നവരായിരുന്നു ആരോപണ വിധേയർ. ജയയ്ക്ക് വിനയായതും ഈ പ്രതികരണമായിരുന്നു. അതേക്കുറിച്ച് നാളെ.