പത്തനംതിട്ട: യുവതിയുടെ മനോധൈര്യത്തില്‍ പമ്പാനദിയില്‍ മുങ്ങിത്താഴ്ന്ന സഹോദരങ്ങള്‍ക്ക് പുതുജീവന്‍. കോയിപ്രം പൂവത്തൂര്‍ കൊടിഞ്ഞൂര്‍ വീട്ടില്‍ അഭിജിത്ത് (12), അനുജിത്ത് (ആറ്) എന്നിവര്‍ക്കാണ് അയല്‍വാസിയായ മേപ്രത്ത് ഗീതാഭവനില്‍ രാജശ്രീ (21) രക്ഷകയായത്. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. മുത്തശിക്കൊപ്പം പന്പാനദിയിലെ കൊടിഞ്ഞൂര്‍ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു അഭിജിത്തും അനുജിത്തും. മുത്തശി കടവില്‍ കുളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ സമീപമുള്ള മറ്റൊരു കടവിലേക്കു നടന്നുപോയത് ആരും ശ്രദ്ധിച്ചിരുന്നില്ല. തീരത്തോടു ചേര്‍ന്ന ഏഴടിയിലധികം താഴ്ചയുള്ള ഭാഗമാണിവിടം. ഈ സമയത്താണ് രാജശ്രീ കുളിക്കുന്നതിനായി കൊടിഞ്ഞൂര്‍ കടവിലെത്തിയത്.
ഇതിനിടെ മാതാവ് മണിയമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പശുവിനെ അഴിച്ചുകെട്ടുന്നതിനായി രാജശ്രീ സമീപമുള്ള കടവിലേക്ക് പോയി. ഈ സമയം കുട്ടികള്‍ തീരത്തിരുന്ന് കളിക്കുന്നത് രാജശ്രീയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനിടെ, അനുജിത്ത് നദിയിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. തീരത്തുനിന്നും കുട്ടി രണ്ടടി മാറിയതോടെ കയത്തിലേക്ക് താണു. സഹോദരന് നദിയില്‍ മുങ്ങിത്താഴുന്നതു കണ്ട അഭിജിത്ത് ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് രാജശ്രീ ഓടിയെത്തിയപ്പോഴേക്കും അനുജിത്തിനെ രക്ഷിക്കാനായി അഭിജിത്തും നദിയിലേക്ക് എടുത്തു ചാടിയിരുന്നു. നീന്തല്‍ അറിയാത്ത രണ്ട് സഹോദര ങ്ങളും മുങ്ങിത്താഴുന്നതു കണ്ട രാജശ്രീയും വെള്ളത്തിലേക്ക് ചാടി. അനുജിത്ത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിത്താണു കഴിഞ്ഞിരുന്നു. അടിത്തട്ടിലേക്ക് ഊളിയിട്ട രാജശ്രീ അനുജിത്തിനെ പൊക്കിയെടുത്ത് തോളിലിട്ടു. തുടര്‍ന്ന് അഭിജി ത്തിന്റെ മുടിക്ക് പടിച്ച് കരയിലേക്ക് അടുപ്പിച്ചു.
രണ്ടുകുട്ടികളെയും തീരത്തെത്തിക്കാനുള്ള ശ്രമത്തി നിടെ അഭിജിത്ത് കൈയില്‍ നിന്നും പിടിവിട്ടുപോ കുമെന്ന സ്ഥിതിയിലായിരുന്നെന്നും ചെളിമാത്രം നിറഞ്ഞ തീരത്ത് കാല് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും രാജശ്രീപറഞ്ഞു. രണ്ടും കല്‍പ്പിച്ച് കുട്ടികളുമായി കരയിലേക്ക് നീന്തി. രണ്ടുപേരെയും ഒരുവിധം തീരത്ത് എത്തിച്ചശേഷം പ്രഥമ ശുശ്രൂഷ നല്കി. രാജശ്രീ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ കരയില്‍ മിഴിച്ചുനില്‍ക്കുകയായിരുന്നു മാതാവ് മണിയമ്മ. രാജശ്രീയുടെ മനോബലത്താലാണ് കുട്ടികള്‍ രക്ഷപെട്ടതെന്ന് ബന്ധുക്കളും പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും സമീപവാസികളും രാജശ്രീയെ അഭിനന്ദിച്ചു.ബിഎസ്സി കഴിഞ്ഞ് പിഎസി പരീക്ഷയ്ക്കായി കോച്ചിംഗ് സെന്ററില്‍ പഠിക്കുകയാണ് രാജശ്രീ. പിതാവ് ബി.രാമചന്ദ്രന് നായര്‍ പത്തനംതിട്ട പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.