മുംബൈ: മദ്യലഹരിയില്‍ ഒരു സ്ത്രീ ലൈംഗികബന്ധത്തിനു നല്‍കുന്ന സമ്മതം അനുവാദമായി പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മാനഭംഗക്കുറ്റം ഒഴിവാക്കാന്‍ ഇതു മതിയായ കാരണവുമല്ല. മദ്യലഹരിയിലുള്ള ഒരു സ്ത്രീ നല്‍കുന്ന സമ്മതം ബോധ്യത്തോടെ ആയിരിക്കണമെന്നില്ല. അതിനാല്‍ ഇതിനെ സ്ത്രീ നല്‍കുന്ന യഥാര്‍ഥ അനുവാദമായി പരിഗണിക്കാനാവില്ലെന്നും ഒരു മാനഭംഗക്കേസ് പരിഗണിക്കവേ ജസ്റ്റീസ് മൃദുല ഭട്കര്‍ ചൂണ്ടിക്കാട്ടി.
ഒരാളുടെ നിശബ്ദതയെയോ മറുപടി പറയുന്നതിലെ അവ്യക്തതയെയോ സമ്മതമായി കണക്കാക്കാന്‍ ആവില്ല. ഇങ്ങനെയുള്ള സമ്മതത്തിന്‍റെ പേരില്‍ മാനഭംഗക്കുറ്റം ഒഴിവാക്കാനും ആവില്ല കോടതി പറഞ്ഞു. സഹപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പൂന സ്വദേശിയുടെ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
യുവതി മദ്യലഹരിയിലായിരുന്നെന്നും അവരുടെ സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, മദ്യം താന്‍ ബോധ്യത്തോടെ കുടിച്ചതല്ലെന്നും പ്രതി തന്ത്രപരമായി കുടിപ്പിച്ചതാണെന്നും പരാതിക്കാരി പറഞ്ഞു. മദ്യലഹരിയിലായ തന്നെ മുഖ്യപ്രതി അയാളുടെ ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ പ്രതിയുടെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. താന്‍ സമ്മതം നല്‍കിയിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.