മൂന്നാം നിലയില്‍, രണ്ടര മണിക്കൂര്‍..! കെട്ടിടത്തിനു മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി; കമ്പനി താത്കാലികമായി അടയ്ക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്

Suicide

പെരുന്പാവൂര്‍: കോടതി വിധിയെ തുടര്‍ന്ന് പ്രവര്‍ത്താനാനുമതി നല്‍കിയ ഇരിങ്ങോള്‍ ഡല്‍റ്റ പ്ലൈവുഡിനെതിരേ പെരുന്പാവൂര്‍ സസ്യമാര്‍ക്കറ്റ് സമുച്ചത്തിന്‍റെ മൂന്നാം നിലയില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീക്ഷണി. സംഭവത്തെത്തുടര്‍ന്ന് ആര്‍ഡിഒ വീണ്ടും കന്പനി താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു.

ഇന്നലെ ഉച്ചക്ക് 12 ഓടെയാണ്  നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഇരിങ്ങോള്‍ ഇടശേരി സന്ധ്യ(35)യാണ് കെട്ടിട സമുച്ചയച്ചയത്തിന്‍റെ മൂന്നാം നിലയില്‍ കയറി രണ്ടര മണിക്കൂര്‍ ഇരുന്നത്. ഇതിന്‍റെ മുകളിലെ ഗോവണിപടിയില്‍ സമരസമിതി പ്രവര്‍ത്തകരും നിലയുറപ്പിച്ചു. കളക്ടര്‍ നേരില്‍ വന്ന് കന്പനി അടയ്ക്കാനുള്ള ഉത്തരവിടണമെനാന്നാവശ്യപെട്ടാണ് സമരം നടത്തിയത്. പിന്നീട് ആര്‍ഡിഒ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ആര്‍ഡിഒ കന്പനി സന്ദര്‍ശിച്ച് തിരികെയെത്തി സമരാനുകൂലികള്‍ക്ക് മുന്പില്‍ വീണ്ടും താത്കാലിക സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടേ സമരാനുകൂലികള്‍ സമരം അവസാനിപ്പിച്ചുള്ളു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കന്പനി പൂട്ടണമെന്നാരോപിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സമരസമിതി ഉദ്യോഗസ്ഥരെ സമ്മര്‍ദതന്ത്രത്തിലാക്കി താത്കാലിക സ്‌റ്റോപ് മെമ്മോ നേടിയെടുക്കുന്നതില്‍ വിജയം കാണുകയും ചെയ്തു. കന്പനി നിലകൊള്ളുന്ന സ്ഥലം നഗരസഭാ മാസ്റ്റര്‍ പ്ലാനില്‍ വ്യവസായ ഏരിയയിലാണുള്ളത് ഇത് മാറ്റണമെന്നാവശ്യപ്പെട്ട് തുടക്കം കുറിച്ച സമരം കന്പനി അടച്ചു പൂട്ടണമെന്ന നിലയിലേക്ക് വളര്‍ന്നു. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് സമരാനുകൂലികള്‍ പെരുന്പാവൂര്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെത്തി  അനുകൂല നിലപാട് എഴുതി വാങ്ങുകയും തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയേയും ചെയര്‍പേഴ്‌സണേയും തടഞ്ഞ് വച്ച് 15 ദിവസത്തേക്ക് സ്‌റ്റോപ് മെമ്മോ എഴുതി വാങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ഹൈകോടതി കന്പനി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. തുടര്‍ന്ന് സമരാനുകൂലികള്‍ എഎം റോഡ് ഉപരോധിക്കുകയും കഴിഞ്ഞ ദിവസം പെരുന്പാവൂരില്‍ ഹര്‍ത്താലാചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയുടെ ഇന്നലത്തെ ആത്മഹത്യഭീക്ഷണി അരങ്ങേറിയത്. താഴെയിറങ്ങിയ യുവതിയെ സമരാനുകൂലികള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related posts