പുറംമോടി: പുണ്ടോയുടെ രൂപമുണ്ടെന്നുള്ളതു മാത്രമാണ് അബാത്ത് ഫിയറ്റിന്റെ സൃഷ്ടിയാണെന്ന് തിരിച്ചറിയാനുള്ള ഏക മാർഗം. ലോഗോയിലും മുൻഭാഗത്തെ അലങ്കാരപ്പണികളിലുമെല്ലാം ഒരു സ്പോർട്ടി ഭാവം നല്കാൻ കന്പനിക്കു സാധിച്ചിട്ടുണ്ട്. ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന അബാത്തിന് സൗന്ദര്യം പകരുന്നതിനായി ചുവപ്പിന്റെ സാന്നിധ്യവുമു ണ്ട്.
മുഖം പൂർണമായും പുണ്ടോയുടേതാണെങ്കിലും ഗ്രില്ലിനു ചുറ്റും നല്‍കിയിരിക്കുന്ന ലൈനിൽ മാത്രമാണ് ക്രോമിന്റെ സാന്നിധ്യം. ബംപറിന്റെ താഴ്ഭാഗത്തായി ചുവന്ന നിറത്തിലുള്ള ക്ലാഡിംഗുകളുടെ മധ്യത്തിലാണ് ഫോഗ് ലാന്പുകൾ. സ്പോർട്സ് ഭാവം നല്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത് ലോഗോയാണ്. ഫിയറ്റിന്റെ കാറുകളിൽ ഇന്നുവരെ കണ്ടതിൽനിന്നു വ്യത്യസ്തമായി തേളിന്റെ ചിത്രമാണ് ലോഗോയിൽ നല്‍കിയിരിക്കുന്നത്.
അലോയ് വീലുകളാണ് വശങ്ങളിലെ ആകർഷണം. സ്കോർപിയൺ ഡിസൈനിൽ നല്‍കിയിരിക്കുന്ന 16 ഇഞ്ച് അലോയ് വീലുകളും ഡോറിൽ അബാത്ത് എന്നെഴുതിയിരിക്കുന്ന ഗ്രാഫിക്സും ടേണ്‍ ഇൻഡിക്കേറ്ററുകൾ നല്‍കിയിരിക്കുന്ന ചുവന്ന റിയർ വ്യൂ മിററുമാണ് വശങ്ങൾക്ക് സ്പോർട്ടി ഭാവം പകരുന്നത്.
പുണ്ടോയ്ക്കു സമമെങ്കിലും പിന്നിൽ സ്പോർട്ടി ഭാവം നല്‍കുന്നതിനായി ഗ്രാഫിക്സുകൾ പതിപ്പിച്ചിരിക്കുന്നതിനൊപ്പം ലോഗായും ആലേഖനം ചെയ്തിരിക്കുന്നു. റൂഫിലും ഗ്രാഫിക്സിനൊപ്പം അബാത്ത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൾട്ടി കളർ ബാക്ക് സ്പോയിലറും അബാത്തിന്റെ ആകർഷണീയതയാണ്.
ഉൾവശം: ഫിയറ്റിന്റെ മറ്റു മോഡലുകളിൽനിന്നു മാറി ഫുൾ ബ്ലാക്ക് ഇന്റീരിയറാണു പുതുമ. കോക്പിറ്റ് ഡിസൈനിംഗിൽ രൂപകല്പന ചെയ്തിരിക്കുന്ന ക്യാബിനാണ് അബാത്തിന്. രണ്ട് സ്റ്റെപ്പായി തിരിച്ചിരിക്കുന്ന സെന്റർ കണ്‍സോളിന്റെ മുകൾഭാഗത്ത് ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഗിയർ ലിവറിനു സമാന്തരമായി ക്ലൈമറ്റ് കണ്ട്രോളിംഗ് യൂണിറ്റും നല്‍കിയിട്ടുണ്ട്. ഗിയറിന്റെ വശങ്ങളിലായി ഒാക്സിലറി, എസ്ഡി കാർഡ് എന്നിവയുടെ സ്ലോട്ടുകളും നല്കിയിരിക്കുന്നു.
പുണ്ടോയ്ക്കു സമാനമായ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലാണ് അബാത്തിനുമുള്ളത്. എന്നാൽ, നടുവിൽ സ്കോർപിയോൺ ലോഗോയും രണ്ടു സ്പോർക്കുകളിലായി വോയിസ് കമാൻഡ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള സ്വിച്ചുകളുമുണ്ട്. ഐപ്ലേ, ആൻഡ്രോയിഡ് തുടങ്ങിയ ഒഎസുകളുമായി ഇൻഫോടെയിൻമെന്റ് സിസ്റ്റം ബന്ധിപ്പിക്കാൻ കഴിയും. ഇതിനു പുറമേ ജിപിഎസ്, കാമറ സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളും സിസ്റ്റത്തിൽ നല്‍കിയിട്ടുണ്ട്. ക്ലച്ച്, ആക്സിലേറ്റർ, ബ്രേക്ക് പെഡലുകളിൽ അബാത്ത് ലോഗോ ചിത്രീകരിച്ചിരിക്കുന്നു.
സ്പീഡ്, ആർപിഎം, ഫ്യൂവൽ, ടെംപറേച്ചർ എന്നിവയ്ക്കായി നാല് അനലോഗ് മീറ്ററുകളുള്ള വലിയ സെന്റർ കൺസോളാണ് അബാത്തിന്റേത്. ഇതിനു പുറമേ നിരവധി വിവരങ്ങൾ നല്കുന്ന ഡിജിറ്റൽ മീറ്ററും. വിശാലമായ സീറ്റുകൾക്കൊപ്പം വലിയ ലെഗ് റൂമും പിൻ സീറ്റ് യാത്രക്കാർക്കായി എസി വെന്റുകളും അബാത്തിൽ സുസജ്ജം.
എൻജിൻ: 1.4 ലിറ്റർ ടി-ജെറ്റ് പെട്രോൾ എൻജിനാണ് അബാത്തിന്റെ ശക്തി. അഞ്ച് സ്പീഡ് ഗിയർ ബോക്സിൽ 1368 സിസി എൻജിൻ 145 പിഎസ് പവറും 212 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
സുരക്ഷ: നാലു വീലിലും ഡിസ്ക് ബ്രേക്ക്, എബിഎസ്, ഇബിഡി, രണ്ട് എയർബാഗ്, ഫയർ പ്രിവൻഷൻ സിസ്റ്റം തുടങ്ങിയവ അബാത്തിന്റെ സുരക്ഷാകവച ങ്ങളാണ്.
മൈലേജ്: 16.3 കിലോമീറ്റർ.
വില: 11.17 ലക്ഷം രൂപ (ഓണ്‍ റോഡ്).
വലുപ്പം: 3989 എംഎം നീളം, 1687 എംഎം വീതി, 1505എംഎം ഉയരത്തിനുമൊപ്പം 155 എം എം ഗ്രൗണ്ട് ക്ലിയറൻസ്.
ടെസ്റ്റ് ഡ്രൈവ്: പിനാക്കിൾ മോട്ടോർ വർക്ക്സ് 8111995003
അജിത് ടോം