പണം കായ്ക്കുന്ന മരം എന്ന് പറഞ്ഞുകേട്ടുള്ള അറിവ് മാത്രമെ ആളുകള്‍ക്കുള്ളു. പണം കായ്ക്കുന്ന മരം ലോകത്തൊട്ടില്ല താനും. പക്ഷേ ഇപ്പോളിതാ വൈദ്യുതി കായ്ക്കുന്ന മരം അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്നു. ഇലകളിലൂടെ കാറ്റ് വീശുമ്പോള്‍ വൈദ്യുതി നിര്‍മിക്കുകയാണ് ഈ മരം. അമേരിക്കയിലെ അയോവ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ വൈദ്യുത മരത്തിന്റെ കണ്ടെത്തലിന് പിന്നില്‍. വലിയ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇലകള്‍ ഇളകുന്ന ഒരു കുഞ്ഞു കാറ്റ് മതി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഈ മരം യഥാര്‍ഥത്തില്‍ മരമൊന്നുമല്ല. കോട്ടന്‍വുഡ് മരത്തിന്റെ മാതൃകയിലുള്ള ഒരു ഡിവൈസ് ആണിത്. ഇതിന്റെ കൃത്രിമ ഇലകളുടെ അനക്കത്തിലൂടെയാണ് വൈദ്യുതി ഉണ്ടാവുക.
എന്നാല്‍ ഇവ വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് പകരംവയ്ക്കാവുന്ന ഒന്നല്ല താനും. എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഇത്തരം ചെറിയ വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടെ വിപണിയ്ക്ക് ഇതോടെ സാധ്യതയൊരുങ്ങും. ഇത്രയും ചെറിയ ഒരു മരത്തില്‍ നിന്നും വേണ്ട അളവില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. പൂര്‍ണ്ണമായും ‘അതെ’ എന്നുത്തരം നല്‍കാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ഗവേഷണം ആവശ്യമുണ്ട്.’ മക്ക്‌ലോസ്‌കി പറയുന്നു. ലാസ് വേഗാസ് പോലെയുള്ള സ്ഥലങ്ങളില്‍ സെല്‍ ഫോണ്‍ ടവറുകള്‍ ഇത്തരത്തിലുള്ള മരങ്ങളുടെ രൂപത്തില്‍ നിര്‍മിച്ച് കണ്ടിട്ടുണ്ട്. ഇലകളില്‍ നിന്നുള്ള ഊര്‍ജ്ജം അവയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നു.
പ്രകൃത്യാലുള്ള പ്രവര്‍ത്തനങ്ങളെ അനുകരിച്ച് കംപ്യൂട്ടര്‍ സയന്‍സ്, നാനോ ടെക്‌നോളജി മുതലായവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന ബയോമെട്രിക് ഗവേഷണ സംഘമാണിത്. പലരും ഈ മരം കണ്ട് യഥാര്‍ഥ മരം തന്നെയാണെന്ന് തെറ്റിദ്ധരിച്ചുവെന്ന് മക്ക്‌ലോസ്‌കി പറഞ്ഞു. ലോഹനിര്‍മിതമായ ‘തായ്ത്തടി’ ഭാഗവും പ്ലാസ്റ്റിക് കൊണ്ടുള്ള ഇലകളും കണ്ടാല്‍ കൃതിമമാണെന്ന് ആരും ഓര്‍ക്കുക കൂടിയില്ല. ലാബിലുള്ള പ്രോട്ടോടൈപ്പിന്റെ നിരവധി മടങ്ങ് ക്ഷമതയുള്ള വലിയ മരം ഉണ്ടാക്കുമെന്ന് അസോസിയേറ്റ് സയന്റിസ്റ്റ് കര്‍ട്ടിസ് മോഷര്‍ പറയുന്നു. ഇലകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേകതരം പ്ലാസ്റ്റിക് കാറ്റ് വീശുമ്പോള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കും. ‘പീസോ ഇലക്ട്രിക് ഇഫക്റ്റ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. കോട്ടന്‍വുഡ് ഇലകളുടെ ആകൃതി സ്ഥിരമായ ഊര്‍ജ്ജ ഉല്‍പാദനം നടത്താന്‍ വേണ്ട തരം ചലനങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാവുന്നതിനാലാണ് ഈ മരം തന്നെ തെരഞ്ഞെടുത്തത്.