പ്രേമിക്കാന്‍ സമ്മതിക്കില്ല അല്ലേ… സ്കൂള്‍ കുട്ടികളുടെ പ്രേമം തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

schoolപാലക്കാട്: സ്കൂള്‍ കുട്ടികള്‍ ബാലിശമായ പ്രേമക്കുരുക്കില്‍ അകപ്പെടുന്നതു തടയാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി. പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി  സ്കൂളുകളില്‍ ഹ്രസ്വ ചിത്രപ്രദര്‍ശനങ്ങളും ക്ലാസുകളും നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതിയൊരുങ്ങുന്നത്.

ഇതു സംബന്ധിച്ച കത്ത് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.” പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശീകരിക്കല്‍” എന്ന വിഷയത്തില്‍ കളക്ടര്‍ എഴുതിയ കത്താണ് ഈ ഉത്തരവിന് ആധാരം.

മൂന്നു നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ പറയുന്നത്

1, ഹൈസ്കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ മുഖേന ബോധവത്ക്കരണ ക്ലാസ് നടത്തുക.
2, അധ്യാപക-രക്ഷകര്‍തൃ യോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കുക.
3, ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടുന്ന പ്രവണതകളെ ചെറുക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കേണ്ടതും പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തേണ്ടതും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. എന്തായാലും പെണ്‍കുട്ടികളെ പ്രേമിച്ചു വലയിലാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ നടപടി ഭീഷണിയാവും എന്നു തീര്‍ച്ച.

Related posts