വിദ്യാഭ്യാസം കൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല! കമ്പനിയെ പാഠം പഠിപ്പിക്കാനായി മൂന്നാം ക്ലാസുകാരന്‍ മധ്യവയസ്‌കന്‍ നിയമം പഠിച്ചു; പിന്നീട് സംഭവിച്ചത് അതിശയകരമായ കാര്യങ്ങള്‍

frചില അവസരങ്ങളിലെങ്കിലും വിദ്യാഭ്യാസമില്ലായ്മ പലകാര്യങ്ങള്‍ക്കും തടസമാകാറുണ്ട്. എന്നാല്‍ തന്റെ ആവശ്യത്തിനനുസരിച്ച് വിദ്യാഭ്യാസം നേടിയെടുക്കുന്നവരുമുണ്ട് ലോകത്തില്‍ എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. സ്വന്തം ഭൂമി മലിനമാക്കിയവരെ ഒരു പാഠം പഠിപ്പിയ്ക്കാന്‍ വേണ്ടി വര്‍ഷങ്ങളോളം നിയമം പഠിച്ച കര്‍ഷകനാണ് ഇത്തരത്തില്‍ യുവാക്കള്‍ക്ക് പോലും അത്ഭുതമാകുന്നത്. ചൈനയിലാണ് സംഭവം.

തന്റെ ഭൂമിയെ വിഷമയമാക്കിയ കെമിക്കല്‍ കമ്പനിയ്‌ക്കെതിരെയാണ് വാങ്ങ് എനിന്‍ എന്ന മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കര്‍ഷകന്‍ നിയമ പ്രതിരോധം തീര്‍ക്കുന്നത്. ഇതിനുവേണ്ടി പതിനാറ് വര്‍ഷം തുടര്‍ച്ചയായി ഇദ്ദേഹം നിയമം പഠിച്ചു. 2001ല്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുന്ന സമയം. സുഹൃത്തളുടെ ഒപ്പം ചീട്ടു കളിച്ച് കൊണ്ടിരുന്ന വാങ്ങ് നോക്കി നില്‍ക്കെയാണ് തൊട്ടടുത്ത കെമിക്കല്‍ കമ്പനിയില്‍ നിന്നുള്ള ആളുകള്‍ വലിയ അളവില്‍ രാസമാലിന്യം ഗ്രാമത്തിലെ ഒരു പുരയിടത്തില്‍ കൊണ്ട് പോയി നിക്ഷേപിയ്ക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്ന് മുതല്‍ നീതി തേടി അധികാരികളുടെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് വാങ്ങ്. എല്ലാവരും നിയമപരമായ തെളിവുകള്‍ ആണ് ചോദിയ്ക്കുന്നത്. പക്ഷെ മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വാങ്ങിനു കേസിനെ നിയമപരമായി നേരിടാനുള്ള അറിവ് ഇല്ലായിരുന്നു.

rururue

അതോടെ നിയമം പഠിയ്ക്കാന്‍ തീരുമാനിച്ചു. പക്ഷെ കനത്ത തുക കൊടുത്ത് പുസ്തകങ്ങള്‍ വാങ്ങാനുള്ള പൈസയില്ല. അതുകൊണ്ട് ബുക്ക് കടകളില്‍ പോയി വായിച്ചു. പ്രധാന ഭാഗങ്ങള്‍ കോപ്പി എടുത്തു. പകരമായി കടക്കാര്‍ക്ക് തന്റെ മണ്ണില്‍ വിളഞ്ഞ ധാന്യങ്ങള്‍ സമ്മാനിച്ചു. ഒടുവില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് വാങ്ങ് ഒരു പ്രശസ്തമായ ലീഗല്‍ ഏജന്‍സിയെ സമീപിച്ച് സഹായം തേടി. അങ്ങനെ ഖ്വിന്‍ ഹി എന്ന കെമിക്കല്‍ കമ്പനിയ്‌ക്കെതിരെ വാങ്ങ് തന്റെ സമരം ആരംഭിച്ചു. ഇപ്പോള്‍ കേസ് പുതിയ വഴിത്തിരിവിലേയ്‌ക്കെത്തിയിരിക്കുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിച്ച ഭൂമിയില്‍ നിന്ന് അവ നീക്കം ചെയ്യാനും കനത്ത തുക നഷ്ടപരിഹാരം നല്‍കാനും പ്രതികളോട് കോടതി ഉത്തരവിട്ടു. ഈ സംഭവത്തോടെ പഠനവും അറിവും കൊണ്ട് മനുഷ്യന് നേടാനാവാത്തതായി ഒന്നുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വാങ്ങ് എന്ന കര്‍ഷകന്‍.

Related posts