കുന്നംകുളം ആനായ്ക്കലില്‍ ഒന്‍പതാംക്ലാസുകാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആനായ്ക്കല്‍ പനങ്ങാട്ട് വീട്ടില്‍ പ്രതീഷിന്റെ ഭാര്യ ജിഷയാണ് (33) വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് പ്രതീഷ് (48) പിന്നീട് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതു മുതല്‍ പ്രതീഷിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പലവട്ടം വഴക്കടിച്ചിട്ടുമുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. പലപ്പോഴും വഴക്ക് രാത്രി വൈകുംവരെ നീണ്ടിരുന്നു. സംശയരോഗവും വഴക്കുമാണ് ജിഷയെ വെട്ടിക്കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.
പ്രതീഷ്, ഭാര്യ ജിഷ, ഏകമകള്‍ നേഹ, പ്രതീഷിന്റെ അമ്മ എന്നിവര്‍ മാത്രമാണ് വീട്ടിലുള്ളത്. വീടിനുള്ളിലെ ഹാളിലാണ് പ്രതീഷും ഭാര്യയും മകള്‍ നേഹയും കിടക്കാറുള്ളത്. അസുഖബാധിതയായ അമ്മ അകത്തെ ഒരു മുറിയിലാണ് കിടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ബഹളം കേട്ട് ഉണര്‍ന്ന നേഹ കണ്ടത് അച്ഛന് അമ്മയെ വെട്ടുന്നതാണ്. ഭാര്യയെ വെട്ടിയ ഉടനെ പ്രതീഷ് വീട്ടില്‍ നിന്നുപോയി. സംഭവം കണ്ട നേഹ അടുത്തുതാമസിക്കുന്ന പ്രതീഷിന്റെ ചേട്ടനെ വിവരമറിയിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ കൂടുമ്പോഴേക്കും ജിഷ മരിച്ചു. ജിഷയുടെ ശരീരത്തില്‍ ആഴത്തിലുള്ള 19 വെട്ടുകളുണ്ട്. മൃതദേഹം അപ്പോള്‍ തന്നെ റോയില്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
ഗള്‍ഫിലായിരുന്ന പ്രതീഷ് ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രി വീട്ടില്‍ തര്‍ക്കമുണ്ടായി. തര്‍ക്കങ്ങള്‍ രാത്രിവരെ നീളുകയും ഭാര്യ വീണ്ടും വെല്ലുവിളിച്ചപ്പോള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ വെട്ടുകയുമായിരുന്നെന്ന് പ്രതീഷ് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പ്രതീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവം നേരില്‍കണ്ട മകള്‍ ബോധരഹിതയായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളത്തെ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നേഹ. ജിഷയുടെ മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.
തുടര്‍ച്ചയായ രണ്ടാം ദിനവും കുന്നംകുളത്ത് കൊലപാതകം
തുടര്‍ച്ചയായ രണ്ടാംദിവസവും കുന്നംകുളത്ത് നടന്ന കൊലപാതകങ്ങള്‍ മേഖലയെ ഭീതിയിലാഴ്ത്തി. പെരുമ്പിലാവില്‍ ക്വാര്‍ട്ടേഴ്സില്‍ ഹോംനേഴ്സ് കൊലചെയ്യപ്പെട്ടു എന്ന വാര്‍ത്തയുമായാണ് ഇന്നലെ നേരം പുലര്‍ന്നത്. അന്‍സാര്‍ ആശുപത്രിയിലെ സെക്യൂരിറ്റിയായിരുന്ന ഹുസൈന് അടുപ്പക്കാരിയായ കൊല്ലം സ്വദേശി ഹോം നേഴ്സായ വര്‍ഷയെ(28)യാണ് കൊലപ്പെടുത്തിയത്. യുവതിയുടെ മൊബൈലില്‍ ഉണ്ടായിരുന്ന രണ്ടു പേരുടേയും കൂടിയുള്ള ചിത്രങ്ങള്‍ കാണിച്ച് ഇയാളെ ബ്ലാക്ക് മെയിലിംഗ് തുടങ്ങിയപ്പോള്‍ സഹികെട്ട് കൊലനടത്തുകയായിരുന്നുവെന്നാണ് പോലീസിലെ മൊഴി. ഈ കൊലപാതകം നടന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഇന്നു പുലര്‍ച്ചെ അടുത്ത കൊലപാതക വാര്‍ത്ത പുറത്തുവന്നത്. രണ്ടു സംഭവങ്ങളിലും പോലീസിന്റെ പണി കുറച്ചുകൊണ്ട് പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.