കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ആളുകള്‍ ഏറ്റവും ഭയക്കുന്ന അസുഖങ്ങളിലൊന്നാണ് എയ്ഡ്‌സ്. ആളുകളില്‍ ഇത്രയധികം ഭയവും അപമാനവും ജനിപ്പിക്കുന്ന ഒരു അസുഖം ഇല്ലെന്ന് തന്നെ വേണം കരുതാന്‍. കൃത്യമായ ചികിത്സ ഈ അസുഖത്തിനില്ല എന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ സ്വയം എച്ച്‌ഐവി വൈറസ് കുത്തി വച്ചിരുന്ന ഒരു വിഭാഗം ലോകത്ത് ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. ഇവിടെങ്ങുമല്ല അത്തരത്തിലുള്ള വിചിത്ര മനുഷ്യര്‍ ജീവിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ എണ്‍പതുകളില്‍ ജീവിച്ചിരുന്ന ലോസ് ഫ്രീക്കീസ് എന്ന വിഭാഗമാണ് ഇത്തരത്തില്‍ ഈ ഭീകരമായ അസുഖം സ്വയം ക്ഷണിച്ചുവരുത്തിയിരുന്നത്.
വിചിത്രമായ ഒരു വിഭാഗമാണ് ലോസ് ഫ്രീക്കികള്‍. സംഗീതത്തിനുവേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവച്ചിരുന്നവരാണവര്‍. സംഗീതവും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്നത്തെ ഫ്രീക്കന്മാരേപ്പോലെ തന്നെ ടാറ്റൂ, ലോഹക്കഷണങ്ങള്‍ തുടങ്ങിയവ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും. ഫ്രീക്കികളെ സാധാരണക്കാരാരും അടുപ്പിച്ചിരുന്നില്ല. കുടുംബക്കാര്‍ പോലും വീട്ടില്‍ കയറ്റിയിരുന്നില്ല. ഇന്നത്തേപോലെ തന്നെ സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു വിഭാഗം. ഫിദല്‍ കാസ്‌ട്രോയുടെ ഭരണകാലമായിരുന്നു അത്. ഇംഗ്ലീഷിനോടും അമേരിക്കന്‍ യൂറോപ്പ് സമൂഹങ്ങളോടും വെറുപ്പ് പുലര്‍ത്തിയിരുന്ന സമയം. ഫ്രീക്കികള്‍ തങ്ങളുടെ പാട്ടുകള്‍ ഇംഗ്ലീഷില്‍ എഴുതുകയും പാടുകയും ചെയ്ത് ഭരണകൂടത്തിന്റെ കണ്ണിലെ കരടാവുകയും ചെയ്തു. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. പലപ്പോഴും ഇവര്‍ പോലീസിന്റെ പിടിയിലകപ്പെട്ടു. ക്രൂര മര്‍ദ്ദനത്തിന് വിധേയരാക്കി, കൂടാതെ അതികഠിനമായ പല ജോലികളും ചെയ്യിച്ചു. രാജ്യദ്രോഹികള്‍ എന്ന നിലയിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. അവര്‍ അങ്ങനെയായിരുന്നില്ല എന്നതാണ് സത്യം.
ഈ സമയത്താണ് എയ്ഡ്‌സ് എന്ന മാഹാരോഗത്തിന്റെ കടന്നുവരവ്. കര്‍ശനവും അതിവിദഗ്ധവുമായ പല പ്രതിരോധ നടപടികളും ഭരണകൂടം സ്വീകരിച്ചു. അതിലൊന്നായിരുന്നു എയ്ഡ്‌സ് രോഗികള്‍ക്കായുള്ള പ്രത്യേക ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍. ഭക്ഷണവും മരുന്നുകളും സൗജന്യമായി നല്‍കി എച്‌ഐവി ബാധിതരെ ശുശ്രൂഷിച്ചു. ഇത് കണ്ടപ്പോള്‍ ഫ്രീക്കികളുടെ തലയില്‍ ഒരാശയം ഉദിച്ചു. സ്വയം എയിഡ്‌സ് രോഗികള്‍ ആവുക. അങ്ങനെയായല്‍ ശിക്ഷകളോ പീഡനങ്ങളോ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാം. ഇതിനായി രോഗമുള്ള സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട് എയ്ഡ്‌സ് രോഗീപരിപാലന കേന്ദ്രങ്ങളില്‍ പ്രവേശനം നേടി. സ്വന്തം സംഗീതവും മറ്റുമായി ശിക്ഷകളോ പീഡനങ്ങേളോ ഇല്ലാത്ത ആ ലോകത്ത് സ്വതന്ത്രരായി ജീവിച്ച് തുടങ്ങി.
രോഗത്തേക്കാള്‍ അവര്‍ വില നല്‍കിയത് സ്വാതന്ത്ര്യത്തിനായിരുന്നു എന്നത് ഇതിലൂടെ വ്യക്തം. സ്വാതന്ത്രം മാത്രമായിരുന്നില്ല ഈ സാഹസത്തിന് പിന്നിലുള്ള അവരുടെ ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമായിരുന്ന മികച്ച ഭക്ഷണവും എയര്‍ കണ്ടീഷനിംഗ് പോലുള്ള സുഖസൗകര്യങ്ങളും അവരെ ഇതിലേയ്ക്ക് നയിച്ചിരുന്ന ഘടകങ്ങളായുരുന്നു. ആത്മഹത്യയ്ക്ക് സമാനമായിരുന്നു ഇത്. എങ്കിലും, നൂറു കണക്കിന് ഫ്രീക്കികള്‍ ഇത്തരത്തില്‍ സ്വയം രോഗം തിരഞ്ഞെടുത്ത് ഭരണകൂടത്തിന്റെയും പോലീസിന്റെയും ശിക്ഷയില്ലാത്ത ഈ ലോകത്ത് സ്വതന്ത്രരായി ജീവിച്ച് മരിച്ചു. കാലം കടന്നപ്പോള്‍ ഫ്രീക്കികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇഷ്ടമുള്ള വേഷ വിധാനത്തിനും ഇഷ്ടമുള്ള പാട്ടുകള്‍ പാടാനും അവര്‍ക്ക് കഴിയുന്ന അവസ്ഥയായി. ശുശ്രൂഷാ കേന്ദ്രങ്ങള്‍ ഒന്നിനുപുറകേ ഒന്നായി അടച്ചുപൂട്ടുകയും ചെയ്തു.