നെയ്യാറ്റിൻകര: പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി കെ. ആൻസലൻ എംഎൽഎ കഐസ്ആർടിസി ബസിൽ യാത്രക്കാരനായി. നെയ്യാറ്റിൻകരയിൽ ഇന്നലെ ആരംഭിച്ച ടൗണ്‍ ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു ശേഷമായിരുന്നു എംഎൽഎ യുടെ ബസ് യാത്ര. നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബ, പ്രതിപക്ഷ നേതാവ് ലളിത, കൗണ്‍സിലർമാരായ ഗ്രാമം പ്രവീണ്‍, വി. ഹരികുമാർ, സോണൽ ട്രാൻസ്പോർട്ട് ഓഫീസർ ശരത്കുമാർ, നെയ്യാറ്റിൻകര ഡിടിഒ സുരേഷ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ബസ് സർവീസിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നെയ്യാറ്റിൻകരയിൽ ആദ്യമായാണ് ടൗണ്‍ സർവീസിന് തുടക്കം കുറിച്ചത്. ആശുപത്രി ജംഗ്ഷൻ- മാന്പഴക്കര- മാരായമുട്ടം- നെയ്യാറ്റിൻകര, ആശുപത്രി ജംഗ്ഷൻ- അമരവിള-മാരായമുട്ടം-മാന്പഴക്കര- നെയ്യാറ്റിൻകര, ആശുപത്രി ജംഗ്ഷൻ- ഓലത്താന്നി- മണലുവിള- ബാലരാമപുരം- നെയ്യാറ്റിൻകര എന്നിവയാണ് ടൗണ്‍ സർവീസുകൾ.