സിനിമാ ലോകത്ത് ഗോസിപ്പിന് ഒരുകാലത്തും ഒരു പഞ്ഞവും ഉണ്ടാകാറില്ല. ഇപ്പോഴിതാ ഉലകനായകൻ കമലാഹസന്റെ മകളും നടിയുമായ ശ്രുതിഹാസന്റെ പേരാണ് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ശ്രുതിയുടെ കാമുകനെ സംബന്ധിച്ചുള്ളതാണ് ഇപ്പോൾ തമിഴകത്തെ ചൂടുള്ള വാർത്ത.
ഒരു ചെറുപ്പക്കാരനുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന ശ്രുതിയുടെ ചില ഫോട്ടോകളുടെയും ഫേസ്ബുക്ക് – ട്വിറ്റർ സ്റ്റാറ്റസുകളുടെയും അടിസ്ഥാനത്തിലാണ് ശ്രുതിയുടെ പ്രണയ ഗോസിപ്പുകൾ പരക്കുന്നത്. മിഷേൽ കോർസലെ എന്ന ബ്രിട്ടീഷ് നാടക നടനാണത്രെ ശ്രുതിയോടൊപ്പമുള്ള ആ ചെറുപ്പക്കാരൻ. ലണ്ടൻകാരനായ മിഷേൽ ചില സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നാണ് പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നത്.
തീർന്നില്ല, കഴിഞ്ഞ മൂന്നു മാസമായി മിഷേലും ശ്രുതിയും ഒന്നിച്ചാണ് താമസിക്കുന്നത് എന്നാണ് പപ്പരാസികൾക്കിടയിലെ സംസാരം. ശ്രുതിയുടെ ചില ഫേസ്ബുക്ക് സ്റ്റാറ്റസുകൾ ഈ പ്രണയ ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നതാണെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ. ശ്രുതിഹാസൻ അടിക്കടി വിദേശ യാത്രകൾ നടത്തുന്നതും ഈ പ്രണയ ഗോസിപ്പിന് ശക്തി നൽകുന്നു. ഈ വർഷം ഇരുവരും ഒന്നിച്ച് മുംബൈയിൽ വാലന്റൈൻസ് ഡേയും ആഘോഷിച്ചുവത്രെ. എന്നാൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ ശ്രുതി ഹസൻ തയാറായില്ല. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ശ്രുതി ഒരിക്കലും സിനിമയെക്കുറിച്ചല്ലാതെ, തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിത്ത് മാധ്യമങ്ങളോട് സംസാരിക്കാറില്ല.