മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിനിമകളില്‍ ഒന്നാണ് പഞ്ചാബി ഹൗസ്. ആ സിനിമയില്‍ ഹരിശ്രീ അശോകന് അനശ്വരമാക്കിയ കഥാപാത്രമാണ് രമണന് എന്ന ജോലിക്കാരന്റേത്. ഹരിശ്രീ അശോകന് വേണ്ടി മാത്രം മെനഞ്ഞെടുത്ത ഒരു കഥാപാത്രമായേ രമണനെ കാണാന്‍ സാധിക്കുകയുള്ളു താനും. സിനിമ ഇറങ്ങി വര്‍ഷം പത്തൊമ്പത് കഴിഞ്ഞെങ്കിലും ഇപ്പോള്‍ ട്രോളുകളിലൂടെ വീണ്ടും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് രമണന്. എന്നാല്‍, നമ്മെ നിര്‍ത്താതെ ചിരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് പിന്നില്‍ ആരുമറിയാത്തൊരു നൊമ്പരത്തിന്റെ കഥകൂടിയുണ്ട്. ഈ മധുരനൊമ്പരക്കഥ വിശദീകരിക്കുന്നതാകട്ടെ സാക്ഷാല്‍ ഹരിശ്രീ അശോകന്.
പഞ്ചാബി ഹൗസ് ഇറങ്ങിയിട്ട് പത്തൊമ്പതു വര്‍ഷം കഴിഞ്ഞു. എന്നാല്‍ ജനങ്ങള്‍ ഇന്നും ആ കഥാപാത്രത്തെ കാണുമ്പോള്‍ ചിരിക്കുന്നു, ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. സംവിധായകരായ റാഫിമെക്കാര്ട്ടിന് ചിത്രത്തിന്റെ കഥയുടെ ഏകദേശ രൂപം എന്നോട് പറഞ്ഞപ്പോള്‍ തന്നെ രമണനെന്ന ജോലിക്കാരനെ എനിക്ക് ഇഷ്ടമായി. എന്റെ രൂപം രമണന് ചേരുന്നതാണെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. ട്രോള്‍ പേജുകളില്‍ രമണന് ഇന്നും സജീവമാണെന്ന് അറിയുന്നുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും രമണനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. അന്ന് ജനിച്ചിട്ടുപോലും ഇല്ലാത്തവര്‍ ഇന്ന് ആ ചിത്രം രസിച്ചു കാണുന്നുണ്ട്. പഞ്ചാബി ഹൗസ് ഒന്നുകൂടെ റിലീസ് ചെയ്തു കൂടെ എന്ന പലരും ചോദിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളോട് ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. രമണനെ മാത്രമല്ല ആ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍ അതിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും രമണനെ സൃഷ്ടിച്ചവര്‍ക്ക് ഞാന്‍ നല്കുന്നു. പ്രേക്ഷകര്‍ക്കെന്നും രമണന് ചിരിയാണ്.
എന്നാല്‍ അയാള്‍ക്കുള്ളില്‍ വേദനകളുണ്ടായിരുന്നു. അയാള്‍ ബോട്ടിലെ ജോലിക്കാരനാണ്. മുതലാളിയോട് കടുത്ത ആത്മാര്‍ഥതയുള്ളവനാണ്. സാഹചര്യം കൊണ്ട് എത്തിപ്പെട്ടതാണെങ്കിലും മുതലാളിയുടെ കടം വീട്ടാല്‍ അയാള്‍ അടിമപ്പണിയെടുക്കാന്‍ തയ്യാറാവുന്നത് അതുകൊണ്ടാണ്. രമണനില്‍ ചിരിയില്‍ പൊതിഞ്ഞ ഒരു ഒരുപാട് ദു:ഖങ്ങളുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത ഒരു രംഗമുണ്ടായിരുന്നു. നായകന് സംസാരിക്കാന്‍ കഴിയുമെന്ന് രമണന് അറിഞ്ഞതിന് ശേഷമുള്ള രംഗം. രമണന് വരാന്തയില്‍ ഇരുന്നു കഞ്ഞി കുടിക്കുകയാണ്. ആ സമയം ദിലീപിന്റെ കഥാപാത്രം രമണനോട് ചോദിക്കുന്നുണ്ട്. ‘നിനക്ക് എന്നോട് ദേഷ്യമുണ്ടോ?’. അപ്പോള്‍ രമണന് പറയും, ‘ഇല്ല നമ്മള് ഇതൊക്കെ ചെയ്യുന്നത് മുതലാളിക്കും കൂടി വേണ്ടിയാണ്. മുതലാളിക്കുവേണ്ടി ഞാന്‍ എന്റെ ചങ്കു പറിച്ചു കൊടുക്കും. റോഡില്‍ കിടന്നു ചാകേണ്ട എന്നെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് അങ്ങേരാ’… സംഭാഷണം പറഞ്ഞതിന് ശേഷം രമണന് കരയുന്നുണ്ട്. ഈ രംഗം സിനിമയിലെ നര്‍മരംഗങ്ങളുമായി പൊരുത്തപ്പെട്ട് പോകില്ല എന്നു തോന്നിയത് കൊണ്ടാകണം സംവിധായകര്‍ അവസാനം അത് നീക്കം ചെയ്തത്. മറ്റൊരു സിനിമയിലൂടെ രമണന് തിരിച്ചുവരുമോ എന്ന പറയാനാവില്ല. പക്ഷേ രമണന് വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തും. പക്ഷേ അത് എപ്പോള്‍ എങ്ങനെ എന്ന് വെളിപ്പെടുത്താറായിട്ടില്ല.