യുവ സിനിമ നടിയെ അര്‍ധരാത്രി ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയുടെ കൂട്ടാളിയെ കാക്കനാട്ടെ യുവസംവിധായകന്റെ ഫഌറ്റില്‍ നിന്നു പൊക്കി. നടിയെ ആക്രമിക്കാന്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയെയല്ല മറിച്ച് സുനിക്കും കൂട്ടര്‍ക്കും സഹായം ചെയ്തു കൊടുത്തയാളാണ് പിടിയിലായത്. കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിച്ചതില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. പിടികൂടിയ മണികണ്ഠന് അടക്കമുളളവരുടെ വിവരങ്ങള്‍ പുറത്തുവിടുമ്പോഴും ഫഌറ്റില്‍ നിന്നും പിടികൂടിയ ആളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കാക്കനാടുളള ഈ ഫഌറ്റ് സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ്.
അതേസമയം, ഫഌറ്റിന്റെ ഉടമയായ യുവസംവിധായകന് പ്രശസ്ത അമ്മ നടിയുടെ മകനാണ്. ഇവര്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണ്. വിവാഹമോചിതനായശേഷം കാക്കനാട്ടെ ഫഌറ്റിലാണ് ഈ സംവിധായകന്റെ താമസം. സിനിമരംഗത്തെ മദ്യപാനികളുടെയും കഞ്ചാവ് വലിക്കാരുടെയും കേന്ദ്രമെന്നാണ് ഈ ഫഌറ്റ് അറിയപ്പെടുന്നതുതന്നെ. സിനിമക്കാര്‍ക്കിടയില്‍ ‘ഡ്രാഗണ്‍ ഹൗസ്’ എന്നു വിളിപ്പേരും യുവസംവിധായകന്റെ വീടിനു സ്വന്തം. മലയാള സിനിമയിലെ ന്യൂജന്മാരെല്ലാം കൊച്ചിയിലെത്തിയാല്‍ തങ്ങുന്നത് ഇവിടെയാണ്. പാതിരാത്രിയോളം നീളുന്ന ആഘോഷങ്ങളാണ് ഈ ഫഌറ്റില്‍ പലപ്പോഴും നടക്കുന്നത്. കുറച്ചുനാളുകള്‍ക്കുമുമ്പ് അയല്‍വാസികള്‍ ഇതിനെതിരേ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ സിനിമക്കാര്‍ക്ക് പിടിയുണ്ടായിരുന്നതിനാല്‍ പരാതി മുങ്ങിപ്പോയി.
അതേസമയം, നടി അക്രമിക്കപ്പെട്ടതില്‍ ഈ യുവസംവിധായകന് മനസറിവില്ലെന്നാണ് വിവരം. ഇടയ്ക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായ ഇയാളെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. നടനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്നലെ രാവിലെ അന്വേഷണസംഘം നടനെ തേടിയെത്തിയത്. ആലുവയിലെ നടന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ ഈ സംഭവത്തെ ആസൂത്രിതമായി ദുരുപയോഗിക്കുന്നതായി നടന് കുറ്റപ്പെടുത്തിയെന്നാണ് വിവരം. പള്‍സര്‍ സുനി, അറസ്റ്റിലായ മാര്ട്ടിന് എന്നിവരെ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.