നാദാപുരം: രണ്ടാം വിവാഹം വൈകുന്നത് ഒഴിവാക്കാൻ നടത്തിയ മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് സ്വദേശിനി വെള്ളയിൽ പുതിയകടവിൽ ലൈലാമൻസിൽ ഷമീന(29) ആണ് ഇന്ന് പുലർച്ചെ 4.35-ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിൽസയിലായിരുന്ന ഇവരെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനിരിക്കേയാണ് മരണം.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദം നടത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശിനി കൂവ്വോട്ട് പൊയിൽ നജ്മ(35) പോലീസ് കസ്റ്റഡിയിലാണ്. ഇവർക്കതെിരേ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. ഇതുകൂടി ഉൾപ്പെടുത്തിയ കേസ് ഫയൽ ഇന്ന് കോടതിയിൽ പോലീസ് സമർപ്പിക്കും.
മൂന്നു ദിവസം മുൻപാണ് നാടിനെ ഞെട്ടിച്ചസംഭവം അരങ്ങേറിയത്. പുറമേരി മാളുമുക്കിലെ വാടക വീട്ടിലാണ് നജ്മ മന്ത്രവാദം നടത്തിയത്. ഹോമ കുണ്ഠത്തിൽ പെട്രോളൊഴിച്ചായിരുന്നു മന്ത്രവാദം. ജിന്നിനെ ഒഴിവാക്കാനുള്ള മന്ത്രമെന്ന പേരിൽ പെട്രോൾ ഉപയോഗിച്ചാണ് കർമ്മം നടത്തിയത്. പെട്രോളിന് തീ പിടിച്ച് വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. മണ്ണെണ്ണയ്ക്ക് പകരമായി പെട്രോളായിരുന്നു ഉപയോഗിച്ചത്.
മണ് പാത്രത്തിലേക്ക് തീ പടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന പെട്രോൾ കുപ്പിയിലേക്കും പടർന്ന് സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.യുവതിയുടെ ശരീരത്തിന്റെ മുൻ ഭാഗം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്ന് നജ്മ തന്നെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം വീട്ടിനുള്ളിൽ തെളിവ് നശിപ്പിക്കാൻ ബോധ പൂർവ്വം ശ്രമം നടന്നതായി പോലീസ് പരിശോധനയിൽ വ്യക്തമായിരുന്നു.
ചപ്പാത്തി കച്ചവടത്തിൽനിന്ന് മന്ത്രവാദത്തിലേക്ക്
നാദാപുരം: ചപ്പാത്തി, പത്തിരി കച്ചവടം നടത്തിയിരുന്ന കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ട് പൊയിൽ നജ്മ കച്ചവടത്തിൽ നിന്ന് വഴിമാറിയാണ് ജിന്ന് ചികിത്സകയുടെ വേഷം കെട്ടിയത്. കച്ചവടം നഷ്ടമായതോടെയാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. മൂന്ന് വർഷം മുന്പ് കുറ്റ്യാടി ഭാഗങ്ങളിൽ ചെറിയ മകളെ ഉപയോഗിച്ച് ജിന്ന് ചികിത്സ നടത്തുന്നതിനിടെ നാട്ടുകാർ ഓടിച്ച നജ്മ പിന്നീട് പുറമേരിയിലെത്തി സ്വന്തമായി ചികിത്സ തുടങ്ങുകയായിരുന്നു.
മകൾക്ക് പ്രയപൂർത്തിയായെന്നും ഇനി ജിന്ന് അവളുടെ ശരീരത്തിൽ പ്രവേശിക്കില്ലെന്നും സിദ്ധി താൻ കൈവരിച്ചതായി മകളെ തേടി വീട്ടിലെത്തുന്നവരോട് വെളിപ്പെടുത്തിയാണ് നജ്മ ആഭിചാര ക്രിയകൾ തുടങ്ങിയത്.ഖുറാനിലെ സൂക്തങ്ങൾ ചൊല്ലി അടുത്തെത്തുന്നവരെ തന്റെ വരുതിയിലാക്കിയതിന് ശേഷമാണ് കർമങ്ങൾ തുടങ്ങുക. ചട്ടിയിൽ പാലയില, ഇലഞ്ഞി ഇല, മഞ്ഞപൊടി, താമ്രാണി, തുടങ്ങിയവയിട്ട് പുകച്ചാണ് സൂക്തങ്ങൾ ഉരുവിടുന്നത്.
തുടർന്ന് പാത്രത്തിന് മുകളിലായി കോഴി മുട്ട വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തും. മുട്ടപൊട്ടുന്നതോടെ എല്ലാ ദോഷങ്ങളും അകന്നതായി പറഞ്ഞ് വീട്ടിലെത്തിയവരെ പറഞ്ഞയക്കുകയാണ് പതിവ്. മുട്ട വേഗത്തിൽ പൊട്ടിയാൽ ദോഷം വേഗം മാറുമെന്നും അല്ലെങ്കിൽ വീണ്ടും പരിഹാര കർമങ്ങൾ നടത്തുകയാണ് പതിവെന്നും നജ്മ പറഞ്ഞു.
പലരും പാതിരാത്രിയിലും മറ്റുമാണ് എത്താറ്. എപ്പോഴും അടഞ്ഞ് കിടക്കുന്ന മുൻ വാതിലിൽ കൂടി ആർക്കും പ്രവേശനമില്ല. പിൻ ഭാഗം വാതിലിൽ ചെരുപ്പ് പുറത്ത് അഴിച്ചിടണമെന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഉദ്ദേശ കാര്യ സാധിച്ചവർ വിലപിടിപ്പുളള സാധനങ്ങളും പണവും മറ്റും പാരിതോഷികമായി നൽകിയതായി ഇവർ പോലീസിനോട് വ്യക്തമാക്കി.
തനിക്ക് ജിന്ന് ചികിത്സയ്ക്കുളള ഉപദേശം ലഭിച്ചത് നജ്മ വിവരിക്കുന്നത് ഇങ്ങിനെ: ഒരുനാൾ പുലർച്ചെ നിസ്കരിച്ച് കൊണ്ടിരിക്കെ വലിയൊരു കാറ്റ് അടിക്കുകയും നിഴൽ രൂപത്തിൽ ജിന്ന് പ്രത്യക്ഷപ്പെട്ട് ജീവിക്കാൻ നിനക്ക് ജിന്ന് ചികിത്സയാണ് നല്ലതെന്ന് ഉപദേശിക്കുക യായിരുന്നു.
കോഴിക്കോട് പുതിയ കടവിലെ ലൈല മൻസിലിൽ ഷമീന (29)യ്ക്ക് തീ പൊളളലേൽക്കാനിടയായത് സാധാരണയായി ഉപയോഗിക്കുന്ന മണ്ണെണ്ണക്ക് പകരം പെട്രോൾ ഉപയോഗിച്ചതാണെന്നും കൈയ്യബദ്ധം പറ്റിയതാണെന്നും ഇവർ പറഞ്ഞു. മാഹി പൂഴിത്തലയിലുളള ബന്ധു വീടിനടുത്തുളളവർ മുഖേനയാണ് ഷമീന പുറമേരിയിലെത്തുന്നത്.
ഇവർക്ക് നജ്മയുമായിട്ടുളള ബന്ധം പോലീസ് അന്വേഷിച്ച് വരികയാണ്. പ്രത്യേക ഏജന്റ്മാർ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. പുറമേരിയിൽ താമസ സൗകര്യം ഒരുക്കിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.