കോട്ടയം: കോട്ടയം ബോട്ട് ജെട്ടിക്കു സമീപമുള്ള നഗരസഭാ റെസ്റ്റ് ഹൗസ് അപകടാവസ്ഥയിലെന്ന് നഗരസഭ സെക്രട്ടറി. അപകടഭീഷണി ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി റെസ്റ്റ് ഹൗസിലെ പഴയബ്ലോക്കിലെ രണ്ടു തൂണുകളിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഈ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവ് ലംഘിച്ചു പ്രവേശിച്ചാലുണ്ടാകുന്ന അപകടങ്ങൾക്കു നഗരസഭ ഉത്തരവാദി അല്ലെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും നഗരസഭ കൃത്യമായി വാടക ഈടാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ നടത്തുന്നവർ ആരോപിച്ചു. കൃത്യസമയങ്ങളിൽ അറ്റകുറ്റ പണികൾ നടത്താത്തതാണ് റെസ്റ്റ് ഹൗസിന്റെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണമെന്നും സ്ഥാപ നങ്ങൾ നടത്തുന്നവർ ആരോപിക്കുന്നു. 1970 ഓഗസ്റ്റ് 17നു അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് നഗരസഭ റെസ്റ്റ് ഹൗസ് നാടിനു സമർപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ തന്നെ പലപ്രമുഖ നേതാക്കളും റെസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ടെന്ന് ചരിത്രം.
അപകടാവസ്ഥയിലായ പഴയബ്ലോക്കിൽ നിലവിൽ അഞ്ചി ലധികം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. നഗരസഭയുടെ സ്വാപ്പ് സെന്ററും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടത്തോട് ചേർന്നുള്ള പുതിയ ബ്ലോക്കിൽ നിരവധി മുറികൾ ഒഴിഞ്ഞുകിടപ്പുണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പഴയ കെട്ടിടം പൊളിച്ച് പണിയാൻ നാളുകൾക്കു മുന്പേ നഗരസഭ കൗണ്സിൽ തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പി ലായിട്ടില്ല.
ഓഫീസുകൾ പ്രവർത്തിക്കുന്ന മുറികൾ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് പലരും രേഖാമൂലം അപേക്ഷയും നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് കെട്ടിടത്തിൽ ഓഫീസ് നടത്തുന്നവർ ആരോപിക്കുന്നു. ഇടിഞ്ഞു വീഴാറായ റെസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ മുകളിൽ വളരുന്ന മരങ്ങളുടെ വേരുകൾ താഴേക്കിറങ്ങി പല ഭിത്തികളും വിണ്ടുകീറിയ അവസ്ഥയിലാണ്.
കെട്ടിടത്തിനു പരിസരം ടാറിംഗ് വീപ്പകൾകൊണ്ടും, ഉപയോഗശൂന്യമായ ഇലട്രോണിക് ട്യൂബ് ലൈറ്റുകൾകൊണ്ടും കൃഷിവകുപ്പിന്റെ കാലഹരണപ്പെട്ട വാഹനങ്ങൾകൊണ്ടും നിറഞ്ഞിരിക്കുകയാണ്. അപകടാ വസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്തണമെന്നാണ് വാടകയ്ക്കു ഓഫീസുകൾ നടത്തുന്നവരുടെ ആവശ്യം.