തിരുവനന്തപുരം: ഭൂസമരരംഗത്ത് ഉയർന്നുവരുന്ന പുത്തൻ ആവശ്യങ്ങൾ പരിഗണിച്ച് 60 വർഷം പിന്നിട്ട ഭൂപരിഷ്കരണം തോട്ടം മേഖലയെ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കർമവേദിയും ആദിവാസി ദളിത് മുന്നേറ്റ സമിതിയും സംയുക്തമായി തിരുവനന്തപുരം അധ്യാപക ഭവനിൽ സംഘടിപ്പിച്ച കാർഷിക ഭൂപരിഷ്കരണവും ഭൂരഹിതരും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണ നിയമം ആവിഷ്കരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎ, എഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ, കർമവേദി പ്രസിഡന്റ് പാലോട് സന്തോഷ്, ജസ്റ്റിസ് ഡി. ശ്രീദേവി, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.