മൂവാറ്റുപുഴ: റേഷൻ വിതരണത്തിലെ പോരായ്മ പരിഹരിക്കാനും ക്രമക്കേട് തടയാനും പേഴയ്ക്കാപ്പിള്ളി ഇസാറ്റ് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ ആധുനിക സംവിധാനം വികസിപ്പിച്ചെടുത്തു.റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റേഷൻ വിതരണ സംവിധാനം പ്രവർത്തിക്കുന്നത്. സ്റ്റോക്ക് കൃത്യമായി കടയിൽ എത്തിക്കഴിഞ്ഞാൽ എല്ലാ ഉപഭോക്താക്കളുടെയും ഫോണിൽ അപ്പോൾ തന്നെ ഈ മെഷീൻ സന്ദേശം അയയ്ക്കും.
എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിനു റേഷൻ വാങ്ങാനാകും. തൂക്കത്തിലും പിഴവുണ്ടാകുകയില്ല.സെൻസർ ഉപയോഗിച്ചാണ് ഇതു രേഖപ്പെടുത്തുന്നത്. ഓരോ ഉപഭോക്താവും എന്തൊക്കെ വാങ്ങി എന്നതിന്റെ കണക്ക് മൈക്രോ കണ്ട്രോളിൽ സൂക്ഷിച്ചു വയ്ക്കാം. ഈ വിവരങ്ങൾ അപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥനു ലഭിക്കുന്നു. ഈ സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കഴിഞ്ഞാൽ പണം അടയ്ക്കുന്ന കാര്യവും എളുപ്പമായി.
ഒരു എടിഎം പ്രവർത്തിക്കുന്നതു പോലെയാണ് ഇതിന്റെ പ്രവർത്തനവും. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികളായ വി.ആർ. റുക്സാന, യമുന സുകുമാരൻ, നിമിഷ എൻ. കൃഷ്ണൻ, വി.ടി. അനി എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് റേഷൻ വിതരണ സംവിധാനം വികസിപ്പിച്ചെടുത്തത്.