അടൂർ: വീൽചെയറിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. യുവഎൻജിനിയറായ മകൻ പോലീസ് കസ്റ്റഡിയിൽ. അടൂർ ആനന്ദപ്പള്ളി കോട്ടവിളയിൽ പി.തോമസാണ് (67) കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസിനും (60) കുത്തേറ്റു. ഇവരെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഐസക് തോമസ് (25) പോലീസ് കസ്റ്റഡിയിലായി. കൊലപാതക കാരണം വ്യക്തമല്ല.
റാസൽഖൈമയിൽ താമസമാക്കിയിട്ടുള്ള തോമസും ഭാര്യ മറിയാമ്മയും കഴിഞ്ഞ 14നാണ് നാട്ടിൽ തിരിച്ചെത്തിയത്. 40 വർഷമായി ഇവർ വിദേശത്താണ്. മാർത്താണ്ഡം എൻജിനിയറിംഗ് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഐസക് നാട്ടിൽ തന്നെ പഠനസംബന്ധമായ ആവശ്യങ്ങൾക്കു കഴിയുകയായിരുന്നു. റാസൽഖൈമയിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സൂപ്പർ വൈസറായിരിക്കുന്നതിനിടെ 1998ലുണ്ടായ അപകടത്തേ തുടർന്ന് നട്ടെല്ലിനു ക്ഷതം സംഭവിച്ച് വീൽചെയറിലാണ് യാത്ര ചെയ്തി രുന്നത്.
മറിയാമ്മ തോമസ് റാസൽഖൈമ ആശുപത്രിയിലെ റിട്ടയേഡ് നഴ്സാണ്.ഇന്നലെ രാത്രി 12ഓടെ വീട്ടിൽ ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. തോമസിനെയും ഭാര്യയെയും കുത്തിയശേഷം പുറത്തിറങ്ങിയ ഐസക് അരകിലോമീറ്ററകലെ തോമസിന്റെ സഹോദരൻ ജോർജിന്റെ വീട്ടിലെത്തി ബഹളം വയ്ക്കുകയും ഗൃഹോപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. ജോർജാണ് പോലീസിൽ വിവരം അറിയിച്ചത്.
അടൂരിൽ നിന്നെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐസക്കിനെ കൂടാതെ ഇവർ ക്ക് നാല് പെണ്മക്കളാണുള്ളത്. മരിച്ച തോമസിന്റെ മൃതദേഹം അടൂർ ചായലോട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.