ബംഗളുരു: ജയിലില്‍ തനിക്കനുവധിച്ചിരിക്കുന്ന സൗകര്യങ്ങള്‍ പോരായെന്നു പറഞ്ഞ് ശശികല. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളുരുവിലെ ജയിലില്‍ കഴിയുന്ന ശശികല, മോശം ആരോഗ്യവും പ്രായവും പരിഗണിച്ച് തനിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷനല്‍കിയിരിക്കുകയാണ്.
സെല്ലില്‍ കട്ടിലും മെത്തയും നിര്‍ബന്ധമാണ്. പിന്നെ ഒരു ടേബിള്‍ഫാനും അവസാനം ഒരു അറ്റാച്ച്്ഡ് ബാത്ത്റൂമുമാണ് ചിന്നമ്മ ജയില്‍ അധികൃതരോട് പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ആവശ്യപ്പെടുമ്പോള്‍ ഡോക്ടറുടെ സേവനവും ആഴ്ചയില്‍ രണ്ടു തവണ മാംസാഹാരവും ലഭ്യമാക്കണമെന്ന് നേരത്തെ ശശികല ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം അധികൃതര്‍ നിരസിക്കുകയായിരുന്നു.
സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ശശികലയ്ക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിലെ ജയിലേക്ക് മാറ്റണമെന്ന് ശശികല ആവശ്യപ്പെടുന്നുണ്ട്. തന്റെ വിശ്വസ്തന് എടപ്പാടി പളനിസ്വാമി തമിഴ്നാട് ഭരിക്കുമ്പോള്‍ തനിക്ക് ജയിലില്‍ രാജകീയമായി വാഴാമെന്നും ശശികല കണക്കുകൂട്ടുന്നു. ശശികലയെ തമിഴ്നാട്ടിലേക്ക് മാറ്റരുതെന്നാണ് തമിഴ്നാട്ടിലെ പ്രതിപക്ഷത്തിന്റെ ആവശ്യം. തമിഴ്നാട്ടിലെ ജയില്‍വാസം ശശികലയ്ക്ക് സുഖവാസമായി മാറുമെന്നും ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നു.