നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതും തന്റെ ഇഷ്ടവാഹനമായ പള്‍സറില്‍ തന്നെ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള (TN-04 R 1496) ബൈക്കില്‍ എത്തിയ സുനിയും ബിജീഷും ഹെല്‍മറ്റ് ധരിച്ച് പോലീസിനെ കബളിപ്പിച്ചാണ് കോടതി മുറിക്കുള്ളില്‍ കടന്നത്. എന്നാല്‍ പ്രതികളുടെ സാന്നിധ്യം മനസിലാക്കിയ അഭിഭാഷകന് വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് ഇരുവരെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സുനി വന്ന ബൈക്കിന്റെ കേബിളുകള്‍ വിഛേദിച്ച നിലയിലാണ്. ബൈക്ക് തമിഴ്നാട്ടില്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചു കൊണ്ടു വന്നതായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ബൈക്ക് പോലീസ് ക്ഷേത്രത്തിന്റെ ഓഫീസിലേക്ക് മാറ്റി.
അഭിഭാഷകരോട് സാമ്യമുള്ള വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് സുനി എത്തിയത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ എറണാകുളകളത്തപ്പന് ഗ്രൗണ്ടില്‍ വന്നിറങ്ങി. മതില് ചാടി കോടതിവളപ്പില്‍ കടന്നു. കോടതിക്ക് പുറത്ത് കാവല്‍നിന്ന പോലീസുകാരെ ആദ്യശ്രമത്തില്‍ സുനിയും വിജീഷും കബളിപ്പിച്ചു. ഒരു അഭിഭാഷകയായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. തന്ത്രപൂര്‍വം മുന്നോട്ട് നീങ്ങി കോടതി മുറിക്ക് പുറത്ത് എത്തുമ്പോഴും പോലീസുകാര്‍ക്ക് ഇവരെ തിരിച്ചറിയാനായില്ല. ഞൊടിയിടയില്‍ അവര്‍ കോടതി മുറിക്കുള്ളില്‍ കടന്ന് പ്രതിക്കൂട്ടില്‍ കയറിനിന്നു. ഇതോടെയാണ് പോലീസുകാര്‍ തിരിച്ചറിഞ്ഞത്. ഇവര്‍ കോടതിക്ക് അകത്ത് കയറിയതോടെ അഭിഭാഷകര്‍ കതകടച്ചു. ഈ ഘട്ടം വരെ മാത്രമാണ് പ്രതികള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നത്. പോലീസുകാര്‍ രംഗത്തെത്തിയതോടെ കഥ മാറി, പള്‍സര്‍ പിടിയിലുമായി. അതേസമയം, ആരുടെ ബൈക്കിലാണ് ഇവര്‍ എത്തിയതെന്നും ആരാണ് സഹായിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഏതോ കെട്ടിടം പണി നടക്കുന്നിടത്തുനിന്നും സുനിയും വിജീഷും ബൈക്ക് തട്ടിയെടുത്തതാകമെന്ന നിഗമനവും ഉണ്ട്.
പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് ഇയാള്‍ക്ക് സുഹൃത്തുക്കളുടെ ഇടയില്‍ പള്‍സര്‍ സുനി എന്ന പേരിന് കാരണമായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനി കേസുണ്ടായാല്‍ ഒളിവില്‍ പോയ ശേഷം കോടതിയില്‍ കീഴടങ്ങുന്നതായിരുന്നു പതിവ്. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് സുനി കീഴടങ്ങാന്‍ സാധ്യതയുള്ള കോടതികളില്‍ മഫ്തിയില്‍ പോലീസ് നിലയുറപ്പിച്ചിരുന്നത്. സുനി എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം ആരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിച്ച ശേഷം ഒളിവിലായിരുന്ന സുനിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.