നാദാപുരം: ആഭിചാര കർമ്മങ്ങൾ നടത്തുന്ന ആത്മീയകേന്ദ്രങ്ങൾ നാട്ടിൻപുറങ്ങളിൽ പെരുകുന്നു. വീടുകൾ കേന്ദ്രീകരിച്ചും ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുമാണ് കർമ്മങ്ങളും ദുർമന്ത്രവാദങ്ങളും നടക്കുന്നത്. നാട്ടിൻപുറങ്ങളിലെ സ്ത്രീകളാണ് ഇത്തരം ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നത്. സ്വർണ്ണവും,പണവും ലക്ഷ്യമിട്ടാണ് ഈ സംഘങ്ങളുടെ പ്രവർത്തനം.പന്ത്രണ്ടോളം ആത്മീയകേന്ദ്രങ്ങളാണ് നാദാപുരം, കുറ്റ്യാടി മേഖലകളിലായി പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ ചികിത്സകരെയും മന്ത്രവാദികളെയും ചുറ്റിപ്പറ്റിയുള്ള ഉപജാപക സംഘങ്ങളുമുണ്ട്.
ചികിത്സയിലൂടെ ഗുണം ലഭിച്ചെന്ന പ്രചാരണം നാട്ടിൽ പറഞ്ഞുപരത്തുന്നത് ഇവരാണ്. ഇത് ചികിത്സയ്ക്കെത്തുന്നവർക്ക് ഏറെ പ്രചോദനമാകുന്നുമുണ്ട്. വന്ധ്യതാ ചികിത്സയ്ക്കും മാനസിക വിഭ്രാന്തിക്കുമാണ് പ്രധാനമായും ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. നാട്ടുകാരുടെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് പുലർകാലങ്ങളിലാണ് മിക്കയിടങ്ങളിലും ചികിത്സയും പൂജയും നടത്തുന്നത്.
കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന പെരിങ്ങത്തൂരിൽ ഇതിനായി വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.അതിരാവിലെ ഇവിടെയെത്തി ടോക്കണ് നൽകിയാണ് പ്രവേശനം.1990 ൽ പുറമേരിക്കടുത്ത വിലാതപുരത്ത് ആത്മീയതയുടെ പേരിൽ ലക്ഷങ്ങളുടെ നിധി തട്ടിപ്പ് അരങ്ങേറിയിരുന്നു. കുറ്റ്യാടി ദേവർകോവിൽ സ്വദേശിയും,നാദാപുരം കക്കംവെള്ളി സ്വദേശിയും ചേർന്ന് വിലാതപുരത്തെ ഒരു വീട്ടിൽ കോടികളുടെ സ്വർണങ്ങളും പവിഴങ്ങളും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ പ്രതികളെ കോടതി പിന്നീട് വെറുതെ വിട്ടു.രണ്ട് മാസം മുന്പ് കല്ലാച്ചി വരിക്കോളി സ്വദേശിയായ സ്ത്രീ കർണ്ണാടക കുടക് ജില്ലയിലെ മടിക്കേരി ദർഗയിൽ ചികിത്സയ്ക്കിടെ മരിച്ചിരുന്നു.സംഭവത്തിലെ ദുരൂഹത ഇതുവരെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല.പുറമേരിയിൽ യുവതി മരിച്ചതിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങൾക്കെതിരേ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.