കോഴിക്കോട്: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജാതിവിവേചനം പാർട്ടിയുടെ അധ:പതനമാണ് കാണിക്കുന്നതെന്ന് സി.കെ ജാനു.നമുക്ക് ജാതിയില്ലാ എന്ന് പുറത്ത് പ്രചരിപ്പിക്കുന്ന പാർട്ടി കണ്ണൂർ പാർട്ടിഗ്രാമങ്ങളിൽ വ്യക്തമായ ജാതിവിവേചനമാണ് നടത്തുന്നത്. പാർട്ടി ഗ്രാമങ്ങളിലെ മിക്ക അമ്പലങ്ങളിലും പുലയജാതിക്കാർക്ക അയിത്തം കൽപ്പിച്ചിരിക്കുകയാണ്.
മിക്ക അമ്പലങ്ങളുടെയും ഭരണസമിതി പാർട്ടിയാണ്. എന്നാൽ അമ്പലത്തിലേക്ക് പിരിവും മറ്റ് സാധനങ്ങളും വാങ്ങുന്നതിൽ ഈ വേർതിരിവ് പാർട്ടി കാണി്ക്കാറില്ലെന്നും അവർ പറഞ്ഞു. കണ്ണൂർ ബക്കളത്ത് നാല് പട്ടികജാതി കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ പഞ്ചായത്തിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകൾ നടത്തിയ പ്രവർത്തനം പാർട്ടിക്കാർ തടഞ്ഞു.
കൂടാതെ മലപ്പുറം ജില്ലയിൽ കിണറ്റിൽ മുടി നിക്ഷേപിച്ച സംഭവം, പാലക്കാട് ജില്ലയിൽ കിണറ്റിൽ വിഷം കലർത്തിയ സംഭവം, വിവിധ കോളജുകളിൽ അടുത്ത കാലത്ത് നടന്ന അനിഷ്ട സംഭവങ്ങൾ എന്നിവയിലെല്ലാം സിപിഐഎം, സിപിഐ. എസ്എഫ്ഐ,ഡിവൈഎഫ്ഐ എന്നീ പാർട്ടികൾക്ക് വ്യക്തമായ പങ്കുണ്ടെന്നും സി.കെ ജാനു ആരോപിച്ചു.
ജാതി വിവേചനം നടപ്പിലാക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സംസ്കാരത്തിനെതിരേ മാർച്ച് 2 ന് സെക്രട്ടറിയേറ്റ് ധർണണ നടത്തും. ജെആർഎസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഇ.പി കുമാരൻ, തെക്കൻ സുനിൽകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.