ഒരു കാലത്ത് ചമ്പല്‍ കാടുകളില്‍ റാണിയായി അറിയപ്പെട്ടിരുന്നതും പലരുടെയും പേടിസ്വപ്‌നവുമായിരുന്ന ഫൂലന്‍ ദേവിയുടെ അമ്മയുടേയും സഹോദരിയുടേയും ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നതാണ് ഇപ്പോള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകളും തുണികളും കൊണ്ട് മറച്ച കുടിലിനകത്താണ് ഇവരുടെ താമസം. ഭൂരിഭാഗം ദിവസങ്ങളിലും പട്ടിണിയാണ്. ഫൂലന്‍ ദേവി ജീവിക്കുകയും ഭരിക്കുകയും ചെയ്തിരുന്ന 1980കളില്‍ അവരുടെ അമ്മയെ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചിരുന്നു. സന്ദര്‍ശകര്‍ ഒഴിഞ്ഞ സമയമില്ലായിരുന്നു ആ വീട്ടില്‍. വരുന്നവരുടെയെല്ലാം ആവശ്യം ഭക്ഷണമോ വസ്ത്രമോ ആയിരുന്നു. കൈയും മനവും നിറയുവോളം കൊടുത്തിട്ടുണ്ട്. ആ ഫൂലന്‍ദേവിയുടെ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് പദ്ധതി വഴി മാസത്തില്‍ സഹോദരി രാംകാലിക്ക് കിട്ടുന്ന 300, 400 രൂപയാണ്. ഇന്ന് ആരും തിരിഞ്ഞ് നോക്കാതായി. ഇനി ആരെങ്കിലും വന്നാലോ പട്ടിണിയാണെന്ന് പറഞ്ഞാല്‍ അല്‍പം പണം കൈയ്യില്‍ കൊടുത്ത് തിരിച്ചുപോകും.
ഷെയ്ഖ്പുര്‍ ഗുധ ഗ്രാമത്തിലാണ് ഫൂലന്‍ ദേവിയുടെ അമ്മ മുലാദേവിയും മകള്‍ രാംകലിയും താമസിക്കുന്നത്. ഫൂലന്‍ ദേവിയെന്ന ചമ്പല്‍റാണിയുടെ വളര്‍ച്ചയുടെ തുടക്കവും ആ ഗ്രാമത്തില്‍ നിന്നു തന്നെയായിരുന്നു. ഗ്രാമത്തിലെ ജാതിവിവേചനം സഹിക്കാന്‍ കഴിയാതെ തോക്കെടുത്ത, തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ഉന്നത ജാതിക്കാരായ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട 22 പേരെ വെടിവച്ച് കൊന്ന ഫൂലന്‍ ദേവി. 1983ലാണ് ഫൂലന്‍ദേവി കീഴടങ്ങിയത്. നിരവധി കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 48 കേസുകള്‍ അവര്‍ക്കെതിരെയുണ്ടായിരുന്നു. മുലായം സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാ കേസും ഒഴിവാക്കി. 1994ല്‍ ജയില്‍ മോചിതയായ ഫൂലന്‍ ദേവി രണ്ടു വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മിര്‍സാപൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അവര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് 2001 ജൂലൈ 25ന് ദില്ലിയിലെ വസതിക്ക് പുറത്തുവച്ച് വെടിയേറ്റ് മരിച്ചു. 1881 ല്‍ ഫൂലന്‍ കൂട്ടക്കൊല ചെയ്തവരില്‍ ഒരാളുടെ ബന്ധുവായിരുന്നു കൊലയാളി. പക്ഷേ, ഫൂലന്‍ ജീവിച്ചിരുന്ന കാലത്തെ പ്രതാപത്തിനും തിളക്കത്തിനും മുലാദേവിയുടെയും രാംകലിയുടെയും പിന്നീടുള്ള ജീവിതത്തില്‍ മങ്ങലേറ്റു. ഫൂലന്‍ കൊല്ലപ്പെട്ടതോടെ ഞങ്ങളുടെ ഭൂമിയെല്ലാം പലരും കൈവശപ്പെടുത്തി. കൃഷി ഭൂമിയും ഗാസിയാബാദില്‍ വീടും പെട്രോള്‍ പമ്പുമെല്ലാം ഫൂലനുണ്ടായിരുന്നു.
രാംകാലിയെ രാഷ്ട്രീയത്തിലിറക്കാമെന്ന് മുലായം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. ചമ്പല്‍ റാണിയുടെ അമ്മ പറയുന്നു. ഭൂമി തിരിച്ചുകിട്ടുന്നതിന് കേസ് നടത്തുകയാണ് ഇവര്‍. എന്നാല്‍ കേസ് പൂര്‍ത്തിയാക്കാനുള്ള പണമില്ലാത്തതിനാല്‍ ഭൂമി നഷ്ടപ്പെടുമെന്ന ഭയവുമുണ്ട്. കേസ് നടത്താനുള്ള എല്ലാ സഹായവും തങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ബിഎസ്പി സ്ഥാനാര്‍ഥിയായ ചോട്ടി സിങ്ങിന്റെ വാദം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ തങ്ങളെ കാണാനെത്തുന്നതെന്ന് രാംകാലി പറയുന്നു. നേതാക്കള്‍ തങ്ങളെ സ്‌റ്റേജിലിരുത്തി പ്രദര്‍ശിപ്പിക്കും. പാരിതോഷികമായി 200 രൂപ തരും. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ അത്തരക്കാരെ അടുപ്പിക്കാറില്ലെന്നും രാംകാലി പറയുന്നു. മറ്റ് സ്ഥാനാര്‍ഥികളുടെ അജ്ഞാത ഭീഷണി ഉയരാന്‍ തുടങ്ങി. നൂറ് രൂപക്ക് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിറകെ പോവാതിരിക്കുന്നതാണ് നല്ലതെന്ന് അപ്പോള്‍ തോന്നിയെന്ന് രാംകലി പറയുന്നു. അടുത്തിടെ ഈ പ്രദേശത്തെ വരള്‍ച്ചയുടെ കെടുതികളെകുറിച്ച് പഠിക്കാന്‍ ഒരു എന്‍ജിഒ നടത്തിയ സര്‍വെയാണ് ഫൂലന്‍ദേവിയുടെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ പുറംലോകം അറിയാന്‍ കാരണമായത്.