ദൗലത്രാം ജൊഗാവത് എന്ന പോലീസ് ഇന്‍സ്പെക്റ്റര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമാണ്. പൊണ്ണത്തടിയനായ അദ്ദേഹത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരിയായ ശോഭ ഡേ ട്വിറ്ററില്‍ നടത്തിയ ട്വീറ്റിലൂടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ശോഭ ഡേ ട്വിറ്ററില്‍ ജൊഗാവത്ത് ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരു കമന്റുമിട്ടു. ‘ഹെവി പൊലീസ് ബന്ധൊബസ്ത് ഇന്‍ മുംബൈ ടുഡേ’. ഇയാളുടെ പൊണ്ണത്തടിയെ കളിയാക്കിയുള്ള ട്വീറ്റ് പെട്ടെന്ന് വൈറലായി. ഉടന്‍ എത്തി മുംബൈ പൊലീസിന്റെ മറുപടി. ഇയാള്‍ മുംബൈ പൊലീസ് സേനയുടെ ഭാഗമല്ലെന്നും ശോഭാ ഡെയെപ്പോലുള്ള വ്യക്തികള്‍ ഇതുപോലെ നിരുത്തരവാദപരമായ കമന്റുകള്‍ ഇടരുതെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ശോഭാ ഡെ ട്വീറ്റ് ചെയ്ത ജൊഗാവത് മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു. 2019ലാണ് അദ്ദേഹം റിട്ടയര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലെ പരിഹാസത്തിന് പാത്രമായ ഇയാള്‍ ശോഭാ ഡേയോട് തിരിച്ചോരു ചോദ്യം ചോദിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
Heavy police bandobast in Mumbai today! pic.twitter.com/sY0H3xzXl3
— Shobhaa De (@DeShobhaa) February 21, 2017
എന്റെ ചികിത്സയ്ക്കുള്ള ചെലവ് നിങ്ങള്‍ വഹിക്കുമോ മാഡം എന്നാണ് ചോദ്യം. കാര്യം അറിയാതെ ശോഭ നടത്തിയ പ്രതികരണം അത്യന്തം വേദനിപ്പിച്ചെന്ന് ജോഗാവത് പറയുന്നു. ഇപ്പോള്‍ 55 വയസ്സുണ്ട് ഇയാള്‍ക്ക്. 1993 ല്‍ അസുഖത്തെ തുടര്‍ന്ന് ഇയാളുടെ പിത്താശയം നീക്കം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വണ്ണം വയ്ക്കാന്‍ തുടങ്ങിയത്. കളിയാക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ശോഭയോട് ജോഗാവത് പറയുന്നത്. തടി കുറയ്ക്കാന്‍ തയ്യാറാണ്. പക്ഷേ ചികിത്സയ്ക്ക് വന്‍തുക ചെലവാകും. അത് തരാന്‍ നിങ്ങള്‍ തയാറാണോ? ഇതാണ് ശോഭാ ഡേയോടുള്ള പോലീസുകാരന്റെ ചോദ്യം. തന്റെ അഭിഭാഷകനെ കണ്‍സള്‍ട്ട് ചെയ്ത് ശോഭാ ഡേക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കാന്‍ പോകുകയാണ് ഇയാള്‍. അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ടെങ്കിലും അത് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പോന്നതാവരുതെന്നാണ് ഇദ്ദേഹം പറയുന്നത്.