കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കു താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ സിനിമലോകത്തെ അടുത്ത സുഹൃത്തായ രമ്യ നമ്പീശന്. സംഭവദിവസം രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്കാണ് നടി തൃശൂരില്‍ നിന്ന് യാത്ര ചെയ്തത്. ഇതിനിടെയാണ് പള്‍സര്‍ സുനിയും കൂട്ടരും കാറില്‍ കടന്നു കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. സംഭവശേഷം മാനസികമായി തകര്‍ന്ന നടിയുടെ ഒപ്പം രമ്യ എല്ലാ സമയത്തുമുണ്ടായിരുന്നു. പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോഴൊക്കെ രമ്യയാണ് ഒപ്പമുണ്ടായിരുന്നത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ നടിയെ സാധാരണ ജീവിതത്തിലേക്ക് ഒരുപരിധി വരെ മടക്കികൊണ്ടുവരാന്‍ കഴിഞ്ഞതായി അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തനിക്കുണ്ടായ അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണന്നാണ് നടി ആഗ്രഹിക്കുന്നതെന്ന് രമ്യ പറയുന്നു. സംഭവത്തിലെ മുഖ്യാസൂത്രകന്‍ പള്‍സര്‍ സുനി അറസ്റ്റിലായത് നടിക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള് മുക്തയായി വരികയാണ്. നീതി ലഭിക്കുന്നതുവരെ പോരാടാനാണ് നടി തീരുമാനിച്ചിരിക്കുന്നത്. അതിന് എല്ലാ പിന്തുണകളുമായി തങ്ങള്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമ്യ പറഞ്ഞു.
പള്‍സര്‍ സുനിയുടെ അറസ്റ്റ് വൈകിയതില്‍ നടിക്ക് ആശങ്ക ഉണ്ടായിരുന്നു. എന്നാള്‍ അയാള്‍ അറസ്റ്റിലാണെന്ന വാര്‍ത്ത അവള്‍ക്ക് ആശ്വാസമായി. സുഹൃത്തുക്കളും പൊതു സമൂഹവും അവള്‍ക്കൊപ്പം നിലയുറയ്ക്കുന്നതും അവള്‍ക്ക് ആശ്വാസം നല്കുന്നു. അത് അവളെ കൂടുതല്‍ ധൈര്യവതിയാക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ഈ ഒരവസരത്തില്‍ പറയുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.