വരന്തരപ്പിള്ളി : ചെള്ള് കുത്തി നശിപ്പിച്ച പയർ വിത്തുകൾ കൃഷി ഭവനിൽ നിന്നും കർഷകർക്ക് വിതരണം ചെയ്തതായി പരാ തി. ഉപ്പുഴി, കരയാംപാടം, മുപ്ലിയം പാടശേഖരങ്ങളിലേക്ക് വിതരണം ചെയ്ത പയർ വിത്തുകളാണ് ചെള്ള് കുത്തി ഉപയോഗിക്കാൻ കഴിയാത്ത നിലയിലായത്. പാലക്കാട് നാഷ്ണൽ സീഡ് അഥോറിറ്റിയിൽ നിന്നാണ് വിത്തുകൾ എത്തിച്ചത്. കഴിഞ്ഞ ദിവസം കർഷകർക്ക് വിതരണം ചെയ്യുന്നതിനായി ചാക്കുകൾ പൊട്ടിച്ചപ്പോഴാണ് ചെള്ളുകൾ നിറഞ്ഞ പയർ വിത്ത് കാണപ്പെട്ടത്.
ഉപ്പുഴി പാടശേഖരത്തിലെ അറുപത് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി കൊണ്ടു വന്ന വിത്തുകൾ പൂർണ്ണമായും നശിച്ച നിലയിലാണ്.ഉപ്പുഴി പാടശേഖരത്തിലെ കർഷകർക്ക് മാത്രമായി 160 കിലോ വിത്താണ് കൃഷിഭവൻ വഴി എത്തിച്ചത്.ഒരു കിലോ വിത്തിന് 95 രൂപയും കർഷകരിൽ നിന്ന് വാങ്ങിയിരുന്നു.സമീപത്തുള്ള പാടശേഖര സമിതികളും സമാനമായ രീതിയിൽ പയർ വിത്തുകൾ വാങ്ങിയിരുന്നു. പകുതിയിൽ താഴെ വിളവ് ലഭിക്കുമെന്നറിഞ്ഞിട്ടും ഇതിൽ പല കർഷകരും ഈ വിത്തുകൾ കൃഷി ഇറക്കിയിട്ടുണ്ട്
നാൽപ്പത് കിലോ വീതമുള്ള ചാക്കുകളിലായാണ് വിത്തുകൾ എത്തിച്ചിരിക്കുന്നത്. വിത്തുകൾ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഉപ്പുഴി പാടശേഖര സമിതി സെക്രട്ടറി ടി.കെ.സുബ്രൻ കൃഷി ഓഫീസർക്ക് കഴിഞ്ഞ ദിവസം പരാതി നൽകി.ഇതേ തുടർന്ന് കൃഷി ഓഫീസറുടെ നിർദേശപ്രകാരം സീഡ് അഥോറിറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ പാടശേഖരത്തിലെത്തി വിത്തുകൾ പരിശോധിച്ചു.തിരിച്ചെടുക്കുന്ന വിത്തുകൾ മാറ്റി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ.
എന്നാൽ ഒരാഴ്ചക്കുള്ളിൽ പുതിയ വിത്തുകൾ നൽകുകയോ അല്ലെങ്കിൽ പണം തിരിച്ചുനൽകുകയോ ചെയ്യണമെന്ന നിലപാടിലാണ് കർഷകർ.സംഭവവുമായി ബന്ധപ്പെട്ട് പാടശേഖര സമിതികൾ കൃഷിഭവനിൽ പരാതി നൽകി.