വടകര: വെള്ളം മന്ത്രിച്ച് ഉൗതി ചികിത്സ നടത്തുന്ന സിദ്ധ ഒടുവിൽ പോലീസ് പിടിയിലായി. പുറമേരിയിൽ മന്ത്രവാദത്തിനിടെ യുവതി തീപ്പൊള്ളലേറ്റ സംഭവത്തെ തുടർന്ന് പോലീസ് സജീവമായി രംഗത്തു വന്നതോടെയാണ് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കര അഴിത്തല സാന്റ്ബാങ്ക്സിനു സമീപം കാളിയത്ത് ഹൗസിൽ ഭാനുത്ത (50) കുടുങ്ങിയത്. വ്യാജചികിത്സ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന പരാതിയിൽ ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് വടകര എസ്ഐ കെ.പി.ജിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സാ ക്രേന്ദത്തിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടത് മന്ത്രവാദത്തിന്റെ സാമഗ്രികളായിരുന്നു. വിവിധതരം എണ്ണകൾ, പൊടി, കടലാസ് പൊതികൾ, വെള്ളി ആഭരണങ്ങൾ, ഉറുക്ക്, തകിട്, കുറെ ഡബ്ബകൾ എന്നിവ പോലിസ് കസ്റ്റഡിയിലെടുത്തു. വിവിധ പൊതികളിലാക്കിയ കറൻസിയും കണ്ടെടുത്തു.
വെളളത്തിലൂതിയും ഭസ്മം കൊടുത്തും മരുന്ന് പുകച്ചും രോഗം മാറ്റുന്ന സിദ്ധിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് രോഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത്. പത്തു വർഷത്തോളമായി ഇവർ വ്യാജ ചികിത്സ നടത്തിവരുന്നതായി പോലിസ് പറഞ്ഞു. ഇവിടെ പ്രാർഥനക്കും രോഗശാന്തിക്കുമായി എത്തുന്നവരെ വിശ്വസിപ്പിക്കാൻ മതഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ സിദ്ധക്ക് എഴുത്തും വായനയും അറിയില്ലെന്നും പത്രവായനയോ ടെലിവിഷൻ കാണുന്ന ശീലമോ ഇല്ലെന്നും പോലിസ് വ്യക്തമാക്കി.
മുനിസിപ്പാലിറ്റിയിലെ തന്നെ മുകച്ചേരി ഭാഗത്തായിരുന്ന ഭാനുത്തയും കുടുംബവും അഴിത്തലയിലേക്കു താമസം മാറ്റുകയായിരുന്നു. രോഗം മാറ്റാനുള്ള സിദ്ധിയുണ്ടെന്നു പറഞ്ഞ് പിന്നീട് ചികിത്സ തുടങ്ങി. പ്രധാനമായും മനോരോഗത്തിനാണ് ചികിത്സ. രോഗിയുടെ ശരീരത്തിൽ ജിന്നു കടന്നുകൂടിയെന്നു പറഞ്ഞ് മന്ത്രവാദം ചെയ്യുന്നു. ഒപ്പം പ്രാർഥനയും നടത്തും.
നാട്ടുകാർ പൊതുവെ സമീപിക്കാറില്ലെങ്കിലും താലൂക്കിന്റെ കിഴക്കൻ മേഖലയിലുള്ളവർ പതിവായി എത്താറുണ്ട്. പോലിസ് റെയ്ഡ് നടത്തുന്പോൾ രോഗശാന്തിക്കായി പ്രാർഥന നടത്താൻ നിരവധി പേർ കേന്ദ്രത്തിലുണ്ടായിരുന്നു. സിദ്ധയോടൊപ്പം ഭർത്താവ് ഹംസയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇവർക്ക് ഒരു മകളടക്കം നാല് മക്കളുണ്ട്. വിശ്വാസവഞ്ചനക്ക് കേസെടുത്ത ഭാനുത്തയെ ഇന്നു കോടതിയിൽ ഹാജരാക്കും.