കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ ദിവസം തൃശൂരിലേക്കു വാഹനം അയച്ചത് നടി ആവശ്യപ്പെട്ടതുകൊണ്ടാണെന്നു നടൻ ലാൽ പറഞ്ഞു. രമ്യാ നമ്പീശന്റെ വീട്ടിലേക്കു വരുന്നതിനായാണു നടിക്കു വാഹനം അയച്ചത്. നടി ആവശ്യപ്പെട്ടിട്ടാണു വാഹനം വിട്ടുകൊടുത്തത്. അല്ലാതെ പ്രചരിക്കുന്നതുപോലെ താൻ നിർമാതാവായ സിനിമയുടെ ആവശ്യത്തിനല്ല നടിക്കായി വാഹനം അയച്ചതെന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ലാൽ പറഞ്ഞു.
നടി പുറപ്പെട്ടപ്പോൾ വിളിച്ചന്വേഷിച്ചിരുന്നു. രമ്യ നമ്പീശന്റെ വീട്ടിലെത്തിയിട്ടുണ്ടാകുമെന്നു കരുതി പിന്നീടു വിളിച്ചില്ല. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി താൻ വിശ്വസിക്കുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം നടിയുടെ കാറിൽ ഇടിപ്പിച്ചതൊക്കെ അക്കാര്യമാണു സൂചിപ്പിക്കുന്നത്. സ്ത്രീയുടെ ക്വട്ടേഷനാണെന്നു പ്രതികൾ കാറിൽവച്ചു നടിയോടു പറഞ്ഞിട്ടുണ്ടെന്നും ലാൽ പറഞ്ഞു.
ലാലിനെ അറസ്റ്റ് ചെയ്താൽ എല്ലാം പുറത്തുവരും എന്നുള്ള പ്രതികരണങ്ങൾ വിഷമിപ്പിച്ചു. തന്നെ സഹായിക്കാനായി എത്തിയ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതിലും വിഷമമുണ്ട്. താൻ സഹായം അഭ്യർഥിച്ചിട്ടാണ് ആന്റോ ജോസഫ് എത്തിയത്. നടൻ ദിലീപിനുണ്ടായ വിഷമം പറഞ്ഞറിയിക്കാനാവാത്തതാണ്. ഊഹാപോഹങ്ങൾ ഒരുപാടു പേരെ ബാധിക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും ലാൽ പറഞ്ഞു.
ഡ്രൈവർ പൾസർ സുനി ഷൂട്ടിംഗിനു വാഹനം ഓടിക്കാൻ എത്തിയതാണ്. തന്റെ മകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലും പിന്നീട് ഗോവയിൽ നടന്ന ചിത്രീകരണത്തിനിടയിലും സുനി വാഹനം ഓടിച്ചിരുന്നു. നന്നായി പെരുമാറി, മിടുക്കനാണെന്ന ഇമേജ് സുനി ഉണ്ടാക്കിയിരുന്നു. ഗോവയിൽ ഷൂട്ടിംഗിന്റെ സമയത്ത് നടിക്കു സുനിയെ പരിചയമുണ്ട്. സംഭവദിവസം രാത്രി തന്റെ വീട്ടിൽ നടിയെ കൊണ്ടുവന്നു വിട്ടതിനുശേഷം പോകാൻ തുടങ്ങിയ ഡ്രൈവർ മാർട്ടിനെ പിന്തുടർന്നു പിടികൂടുകയായിരുന്നു. അവന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു. മർദിച്ചെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് അഭിനയമാണെന്നു സംശയം തോന്നി.
ന്യൂ ജനറേഷൻ സിനിമകൾ എന്നു പറഞ്ഞു കളിയാക്കുന്നതു ശരിയല്ല. ഏതു സിനിമാ സെറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണം. തന്റെ മകന്റെ സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നു പറയുന്നത് അക്രമമാണ്. കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചാൽ സിനിമ ഓടില്ല. എത്രയും വേഗം പ്രതികളെ പിടികൂടിയതിൽ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും ലാൽ പറഞ്ഞു.