പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ഓസ്ട്രേലിയയ്ക്കു മേൽക്കൈ. കുറഞ്ഞസ്കോറിൽ ഇന്ത്യയെ കറക്കിവീഴ്ത്തി ബാറ്റിംഗിനിറങ്ങിയ ഓസീസ് ബാറ്റിംഗ്നിര പിടിച്ചുനിന്നതോടെ ഓസീസിന് 298 റണ്‍സിന്റെ ലീഡായി. രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 143/4 എന്ന നിലയിലാണ് സന്ദർശകർ. 59 റണ്‍സോടെ നായകൻ സ്മിത്തും 21 റണ്‍സോടെ മിച്ചൽ മാർഷുമാണ് ക്രീസിൽ. ആറു വിക്കറ്റും മൂന്നു ദിവസവും ശേഷിക്കെ പൂനയിലെ പിച്ചിൽ ഓസീസ് മേൽക്കെ നേടിയെന്നു വ്യക്തം.
നേരത്തെ, ഇടംകൈയൻ സ്പിന്നർ സ്റ്റീവ് ഒകീഫിന്റെ മാസ്മരിക പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഔട്ടായി. ഇതോടെ 155 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനയിൽ ദൃശ്യമായത്.
94/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകൾ. 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒകീഫ് ഇന്ത്യൻ മണ്ണിലെ തുടക്കം അവിസ്മരണീയമാക്കുകയും ചെയ്തു. വിരാട് കോഹ്ലി, ചേതേശ്വർ പൂജാര എന്നിവരെ മടക്കി മിച്ചൽ സ്റ്റാർക്ക് മികച്ച പിന്തുണയും ഒകീഫിന് നൽകി.
64 റണ്‍സ് നേടിയ ഓപ്പണർ കെ.എൽ.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പിന്നെ രണ്ടക്കം കടന്നത് അജിങ്ക്യ രഹാനെ (13), മുരളി വിജയ് (10) എന്നിവർ മാത്രം. വൃദ്ധിമാൻ സാഹയ്ക്കും ക്യാപ്റ്റൻ കോഹ്ലിക്കും അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. പുജാര ആറ് റണ്‍സിലും അശ്വിൻ ഒരു റണ്ണിലും ജഡേജ രണ്ടു റണ്‍സിലും പവലിയനിൽ തിരിച്ചെത്തി.
നേരത്തെ 256/9 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 260 റണ്‍സിൽ അവസാനിച്ചു. 61 റണ്‍സെടുത്ത മിച്ചൽ സ്റ്റാർക്കിനെ അശ്വിൻ വീഴ്ത്തിയതോടെയാണ് ഓസീസ് ഇന്നിംഗ്സിന് അവസാനമായത്. ഒരു റണ്‍സോടെ ജോഷ് ഹേസിൽവുഡ് പുറത്താകാതെ നിന്നു. ഉമേഷ് യാദവിന് നാലും അശ്വിന് മൂന്നും വിക്കറ്റുകൾ ലഭിച്ചു.