തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയിലെ എല്ലാ സൗജന്യ ചികിത്സാ പദ്ധതികളും തുടര്‍ന്നും ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. സൗജന്യ ചികിത്സാ പദ്ധതികളൊന്നും നിര്‍ത്തലാക്കില്ല. ഇവ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ളതാണ്. ഈ കാരണം പറഞ്ഞ് മുന്‍ ആരോഗ്യ മന്ത്രി ഇന്നു നടത്തുന്ന ഉപവാസം തികച്ചും രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളും കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വരുത്തിവച്ച കുടിശികകള്‍ ഈ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. കാരുണ്യ ഫണ്ടിലേക്ക് മാത്രം 391 കോടി രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പുതുതായി അഞ്ചു കാരുണ്യ ഫാര്‍മസികള്‍ ആരംഭിച്ചു. 12 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. ഇവ ഉടന്‍ ആരംഭിക്കും. 44 ഡയാലിസിസ് യൂണിറ്റുകളും 10 ആശുപത്രികളില്‍ കാത്ത് ലാബും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
ഇങ്ങനെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാരുണ്യ പദ്ധതിയടക്കം എല്ലാ ആരോഗ്യ സാമൂഹ്യ സുരക്ഷാ പദ്ധതികളും നല്ല രീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നവ പോലും പുനരാരംഭിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകുന്നത് രാഷ്ട്രീയപരമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് ഇവയൊക്കെ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങള്‍ കൊണ്ടൊന്നും കേരളത്തിന്റെ ആരോഗ്യ – സാമൂഹ്യ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിക്ക് തടസം സൃഷ്ടിക്കാനാവില്ലെണെന്നും മന്ത്രി അറിയിച്ചു.