കേച്ചേരി: മഴുവഞ്ചേരിയിൽ ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. മത്തനങ്ങാടി ജനശക്തി റോഡിൽ പുതുതായി വന്നു താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ്(48) ആണ് ഭാര്യ സോമ(35), മക്കളായ ആഷ്ലി(11), ആൻസൻ(ഒന്പത്), ആൻമരിയ(ഏഴ്) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയേയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇയാൾ വിഷം കഴിച്ചു മരിക്കുകയായിരുന്നെന്ന് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് സ്വദേശിയായ ജോണി കഴിഞ്ഞ ഒരുവർഷമായി കേച്ചേരി പെട്രോൾ പമ്പിനു സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു.
ഇന്നലെ കട തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ പാർട്ണറും,സുഹൃത്തുമായ ആൾ അന്വേഷിച്ച് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അടച്ചിട്ട വാതിലിന്റെ വിടവിലൂടെ രക്തം ഒഴുകിവരുന്നതു കണ്ടത്. സ്ഥലത്ത് വിഷത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി പറയുന്നു. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി വീടിന്റെ വാതിൽ തുറന്നപ്പോഴാണ് അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിവൈഎസ്പി വിശ്വംഭരൻ, സിഐ രാജേഷ് മേനോൻ, എസ്ഐ ഫർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തിയിരുന്നു. സാന്പത്തിക ബാധ്യതയാണ് കാരണമെന്നു പറയുന്നു. തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.