തൃശൂർ: പൂരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനസർക്കാരിനു തുറന്ന മനസാണെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ വെടിക്കെട്ടുകൾക്കു നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ സർക്കുലറാണ് പ്രശ്നമെന്നും മന്ത്രി രാമനിലയത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. പൂരങ്ങളുടെ നടത്തിപ്പിന് നിയമപരമായ വഴിതേടാൻ സർക്കാർ ഒരുക്കമാണ്. കേന്ദ്രത്തിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ തുടർകാര്യങ്ങളിലേക്കു കടക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സംഘം സംസ്ഥാനത്തു തെളിവെടുപ്പു നടത്തി റിപ്പോർട്ട് പത്തുദിവസത്തിനകം നല്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ റിപ്പോർട്ട് ഇതുവരെ നല്കിയിട്ടില്ല. സംസ്ഥാന സർക്കാർ പൂരാഘോഷ കമ്മിറ്റിക്കാരുമായി ഒരുവിധ ഏറ്റുമുട്ടലിനുമില്ല. പൂരം നടത്തിപ്പിനുവേണ്ടി ഹർത്താൽ നടത്തിയതിനോട് എതിർപ്പില്ല.
താനുൾപ്പെടെ മൂന്നു മന്ത്രിമാരുടെ വസതികളിൽ നാളെ മുതൽ കുടിൽകെട്ടി സമരത്തിനു വന്നാലും സ്വീകരിക്കും. വീട്ടുവരാന്തയിലിരുന്നു സമരംചെയ്യാനും സൗകര്യമുണ്ടാക്കും. നടത്തിപ്പു കമ്മിറ്റിയുടെ ഭാഗം കൂടിയായ താനും സമരക്കാർക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാരിന്റെ ഒരു സർക്കുലറും പൂരാഘോഷ നടത്തിപ്പിനു തടസമായിട്ടില്ല. കളക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നു പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾക്കു സ്വന്തമായി 2000 കിലോഗ്രാം വരെ വെടിക്കെട്ടുസാമഗ്രികൾ സൂക്ഷിക്കുന്നതിനു സൗകര്യമുള്ളതിനാൽ കേന്ദ്രനിയമം അവർക്കു പ്രതിസന്ധിയാകില്ലെന്നും മന്ത്രി പറഞ്ഞു.