നാണക്കേടിന്റെ വാരിക്കുഴി തീര്‍ത്ത് ഇന്ത്യ, കങ്കാരുക്കളെ കറക്കിവീഴ്ത്താന്‍ പിച്ചൊരുക്കിയ ഇന്ത്യയുടെ തോല്‍വി 333 റണ്‍സിന്, താരമായി ഒക്കേഫി

1അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുമെന്ന് ബിസിസിഐ ഇന്ന് പഠിച്ചുകാണും. ആദ്യപന്ത് മുതല്‍ കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കി ഓസ്‌ട്രേലിയയെ വിറപ്പിക്കാമെന്ന കരുതിയ ഇന്ത്യ ഒന്നാം ടെസ്റ്റില്‍ 333 റണ്‍സിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. മൂന്നാം ദിനം ചായ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 107 റണ്‍സിന് പുറത്തായി. നാല് മത്സര പരന്പരയില്‍ ഓസീസ് 10ന് മുന്നിലെത്തി.

ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സ്റ്റീവ് ഒകീഫിന്‍റെ മാരക സ്പിന്‍ ബൗളിംഗ് തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ അന്തകനായത്. മത്സരത്തില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഒകീഫ് മാന്‍ ഓഫ് ദ മാച്ചായി. ഒകീഫിന് പിന്തുണയേകിയ നാഥന്‍ ലയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 441 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്‌സിന്‍റെ തുടര്‍ച്ച തന്നെയായി. 31 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ടോപ്പ് സ്‌കോറര്‍.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി (13), അജിങ്ക്യ രഹാനെ (18), കെ.എല്‍.രാഹുല്‍ (10) എന്നിവര്‍ക്കൊന്നും കാര്യമായി ചെയ്യാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 105 റണ്‍സിന് പുറത്തായിരുന്നു. സമീപ ഭാവിയില്‍ ടീം ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും മോശം പ്രകടനമാണ് പൂനെയില്‍ കണ്ടത്.

Related posts