പ്രതികാരത്തിന്റെ കഥകള്‍ പലതും നമ്മള്‍ സിനിമയിലും നോവലുകളിലുമൊക്കെയായി കേട്ടിട്ടുണ്ട്. ഇത്തരം കഥകളില്‍ മാതാപിതാക്കളെ വധിച്ചവരോട് പ്രതികാരം ചെയ്യുന്നത് എപ്പോഴും ആണ്‍മക്കളായിരിക്കും. എന്നാല്‍ കഥയിലെ പതിവ് ജീവിതം കൊണ്ട് മാറ്റിയെഴുതിയിരിക്കുകയാണ് കിഞ്ചല്‍ സിംഗ് എന്ന യുപി സ്വദേശിനി. പോലീസുദ്യോഗസ്ഥനായിരുന്ന തന്റെ പിതാവിന്റെ ഘാതകരെ അഴിയ്ക്കുള്ളിലാക്കാന്‍ ഐഎഎസ് നേടിയതിന്റെ ചരിത്രമാണ് കിഞ്ചലിനു പറയാനുള്ളത്. മാത്രമല്ല അനുജത്തിയ്ക്ക് ഐഎഎസുകാരിയാകാന്‍ ധൈര്യം പകര്‍ന്നതും ആത്മവീര്യം കൂടുതലുള്ള ഈ ജ്യേഷ്ഠത്തിയായിരുന്നു.
കിഞ്ചലിന് വെറും ആറുമാസം പ്രായമുള്ളപ്പോളാണ് പിതാവും ഉത്തര്‍പ്രദേശിലെ ഗോണ്ടാ ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി സൂപ്രണ്ടുമായിരുന്ന കെ.പി സിംഗ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടുന്നത്. താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സത്യസന്ധനായ ഡിഎസ്പി കണ്ടുപിടിച്ചെന്ന് തിരിച്ചറിഞ്ഞ സരോജ് എന്ന ഉദ്യോഗസ്ഥനായിരുന്നു ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചത്. ഇയാള്‍ക്കെതിരേ ഒട്ടനവധി കൈക്കൂലി, അഴിമതിക്കേസുകള്‍ അക്കാലത്തുണ്ടായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം സരോജും മറ്റു ചിലരും ചേര്‍ന്ന് കള്ളം പറഞ്ഞ് സിംഗിനെ മാധവ്പൂരിലേക്കു കൊണ്ടുവരികയായിരുന്നു. അവിടെ രാം ഭുലവാന്‍, അര്‍ജുന്‍ പാസി എന്നീ ക്രിമിനലുകളെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. സരോജ് പറഞ്ഞിട്ട് അവിടെയുള്ള അടഞ്ഞുകിടന്ന കെട്ടിടത്തിന്റെ വാതിലില്‍ തട്ടിയ സിംഗിന് അകത്തുനിന്നും പ്രതികരണം ഒന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പുറകോട്ടു തിരിഞ്ഞപ്പോള്‍ സരോജ് തോക്കെടുത്ത് സിംഗിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയില്‍ സിംഗ് മരണമടഞ്ഞു. സരോജും കൂട്ടാളികളും അന്ന് നടത്തിയ വെടിവയ്പ്പില്‍ സിംഗിനെക്കൂടാതെ 12 ഗ്രാമീണരാണ് മരിച്ചുവീണത്.
ഏകദേശം 35 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. അന്ന് കിഞ്ചലിന് ആറുമാസം മാത്രമായിരുന്നു പ്രായം. സഹോദരി പഞ്ചലാവട്ടെ അമ്മ വിഭയുടെ വയറ്റിലും. ഭര്‍ത്താവിന്റെ മരണത്തോടെ അരക്ഷിതാവസ്ഥയിലായ വിഭ തന്റെ രണ്ടു പെണ്‍മക്കളെയും നെഞ്ചോടു ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവിന് നീതി ലഭിക്കാന്‍ പോരാടി. ഒടുവില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടാന്‍ 31 വര്‍ഷം വേണ്ടിവന്നു.
പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാന്‍ ഡല്‍ഹിയിലെ സുപ്രീംകോടതിയില്‍ പതിവായി പോയിരുന്ന വിഭ കൊച്ചു കിഞ്ചലിനെയും ഒപ്പം കൂട്ടുക പതിവായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ട്രഷറിയില്‍ ജോലി ലഭിച്ചെങ്കിലും. ശമ്പളത്തിന്റെ ഭൂരിഭാഗവും കോടതിച്ചെലവായി തീര്‍ന്നു. ഇതിനിടയിലും തന്റെ പെണ്‍മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതില്‍ ഈ അമ്മ ശ്രദ്ധിച്ചിരുന്നു. ഐഎഎസുകാരനാകണമെന്ന അച്ഛന്റെ മോഹം നിങ്ങള്‍ സഫലമാക്കണമെന്ന് അവര്‍ എപ്പോഴും മക്കളോടു പറയുമായിരുന്നു. കെ. പി സിംഗ് കൊല്ലപ്പെട്ടതിന് ഏതാനുദിവസത്തിനു ശേഷം വന്ന ഐഎഎസ് പരീക്ഷാ ഫലത്തില്‍ അദ്ദേഹം വിജയിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്ന ഉറച്ച മനസോടെ പഠിച്ച കിഞ്ചലിന് ഡല്‍ഹിയിലെ ലേഡീ ശ്രീരാം കോളജില്‍ അഡ്മിഷന്‍ ലഭിച്ചു.
എന്നാല്‍ വിധിയുടെ വിളയാട്ടം അപ്പോഴും തുടര്‍ന്നു. ഗ്രാജുവേഷന്റെ ആദ്യ സെമസ്റ്ററിലാണ് അമ്മയ്ക്ക് അര്‍ബുദമാണെന്ന കാര്യം കിഞ്ചല്‍ തിരിച്ചറിഞ്ഞത്. അത് കിഞ്ചലിനെ തളര്‍ത്തി. തന്റെ പെണ്‍മക്കളെ തനിച്ചാക്കി പോകാന്‍ ഒരുക്കമല്ലായിരുന്ന വിഭ മഹാമാരിയോട് ധീരമായി പൊരുതാനുറച്ച് കീമോ തെറാപ്പിയ്ക്ക് വിധേയയായി. എന്നാല്‍ രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവരിക തന്നെ ചെയ്തു. താനും സഹോദരിയും ഐഎഎസ് ഓഫീസര്‍മാരാകുമെന്നും പിതാവിന്റെ ഘാതകരെ നിയമത്തിനു മുമ്പിലെത്തിക്കുമെന്നും മരണക്കിടക്കയില്‍ വച്ച് അമ്മയ്ക്ക് കിഞ്ചല്‍ വാക്കു നല്‍കിയിരുന്നു. ആ വിശ്വാസത്തിന്‍മേല്‍ അമ്മ മരണം വരിച്ചു. അമ്മയുടെ മരണശേഷം പഠനം തുടര്‍ന്ന കിഞ്ചല്‍ ്ഒന്നാം റാങ്ക് നേടി സ്വര്‍ണമെഡലോടെയാണ് ഡിഗ്രി പാസായത്.
അമ്മയ്ക്കു നല്‍കിയ വാക്കു പാലിക്കാനായി ഗ്രാജുവേഷനു ശേഷം കിഞ്ചല്‍ സഹോദരിയെയും കൂട്ടി ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെത്തി. അവിടെ ഒരു അപ്പാര്‍്ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് ഐഎഎസ് പഠനം തുടങ്ങി. അമ്മാവനും അമ്മായിയും ആ സമയത്ത് പെണ്‍കുട്ടികള്‍ക്കു തുണയായി. വാശിയോടെ പഠിച്ച് ഇരുവരും പരീക്ഷയെഴുതി. 2007ലെ ഐഎഎസ് ഫലം പുറത്തുവന്നപ്പോള്‍ കിഞ്ചല്‍ 25-ാം റാങ്കുകാരിയായി. സഹോദരി പ്രഞ്ചലിന് 252-ാം റാങ്കായിരുന്നു. തുടര്‍ന്ന് ഐഎഎസുകാരികളായ ഇരു സഹോദരിമാരും ചേര്‍ന്ന് പ്രതികളെ നീതിപീഠത്തിനു മുമ്പിലെത്തിക്കുകയും അവര്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയും അമ്മയോടുള്ള വാക്കു പാലിച്ചു.
സഹോദരിമാരുടെ ദൃഢനിശ്ചയം കോടതിയെ വരെ അമ്പരപ്പിച്ചു. കൊലപാതകികളായ മൂന്നുപേര്‍ക്ക് വധശിക്ഷയാണ് ലഭിച്ചത്. അങ്ങനെ 2013 ജൂണ്‍ അഞ്ചിന് ലക്‌നൗവിലെ പ്രത്യേക കോടതി കേസിലെ പ്രതികളായ 18 പേര്‍ക്കുകൂടി ശിക്ഷ വിധിച്ചു. 31വര്‍ഷത്തിനു മുമ്പ് അമ്മ തുടങ്ങിവച്ച പോരാട്ടം ഒടുവില്‍ പെണ്‍മക്കള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയെടുത്താല്‍ അതില്‍ മുകളില്‍ തന്നെയുണ്ടാകും കിഞ്ചല്‍ സിംഗ് എന്ന പെണ്‍സിംഹത്തിന്റെ പേര്.