പരിയാരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജ·നാടിന് നൽകിയ വാഗ്ദാനം പാലിച്ചു. കണ്ടോന്താർ ജയിൽ ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം. ജയിൽ സ്മാരകമായി സംരക്ഷിക്കുന്നതിന് 19.5 ലക്ഷം രൂപ സംസ്ഥാന പുരാവസ്തു വകുപ്പ് അനുവദിച്ചു. മാർച്ച് 31 മുന്പ് തന്നെ പണി ആരംഭിക്കും. മുന്ന് മാസത്തിനുള്ളിൽ പുനർനിർമാണം പൂർത്തിയാക്കും. വണ്ണാത്തിപ്പുഴക്കരയിൽ പുരാവസ്തു വകുപ്പിന്റെ തെയ്യംകലാ മ്യൂസിയം സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിനായുള്ള തുക വകയിരുത്തി പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞ ഡിസംബർ ആറിന് കണ്ടോന്താർ ഇടമന യുപി സ്കൂളിൽ നൽകിയ സ്വീകരണത്തിനിടയിലാണ് കോണ്ഗ്രസ്- എസ് കല്യാശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.രാജനും കടന്നപ്പള്ളി- പാണപ്പുഴ മണ്ഡലം കമ്മിറ്റിയും സബ് രജിസ്ട്രാർ ഓഫീസ് വളപ്പിൽ നശിച്ചുകൊണ്ടിരിക്കുന്ന കണ്ടോന്താർ ജയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയകാര്യം മന്ത്രി കടന്നപ്പള്ളി അറിയിച്ചത്. 150 വർഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു വകുപ്പ് തന്നെ കണ്ടെത്തിയ കണ്ടോന്താർ ജയിൽ മേൽക്കൂര തകർന്ന് നാശത്തിന്റെ വക്കിലായിരുന്നു. തടവുകാരെ കിരാതമായ മർദനമുറകൾക്ക് വിധേയമാക്കിയിരുന്ന ഒറ്റ സെല്ലുള്ള ഈ ജയിൽ കെട്ടിടത്തിന് മുകളിൽ തൊട്ടടുത്ത മരങ്ങളുടെ വേരുകൾ പടർന്നിറങ്ങിയ അവസ്ഥയിലാണ്.
ഏത് നിമിഷവും തകർന്നുപോകുമെന്ന നിലയിലുള്ള കെട്ടിടമാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടെ സംരക്ഷിക്കപ്പെടുന്നത്. മലയോര പ്രദേശങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യസമര പ്രവർത്തകരെ അറസ്റ്റുചെയ്തുകൊണ്ടുവന്നാൽ വണ്ണാത്തിപ്പുഴയ്ക്ക് പാലമില്ലാത്തതിനാൽ പെരുന്പയിൽ നിന്ന് തോണി വഴിയെത്തിയാണ് പയ്യന്നൂർ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ വിധിച്ചവരെ തളിപ്പറന്പ് താലൂക്ക് കച്ചേരിയിൽ പ്രവർത്തിച്ചിരുന്ന ജയിലിലാണ് അടച്ചിരുന്നത്.
മജിസ്ട്രേറ്റ് ആഴ്ചയിൽ ഒരുദിവസം മാത്രമേ വരുമായിരുന്നുള്ളൂ. അതുവരെ തടവുകാരെ പാർപ്പിച്ചിരുന്നത് കണ്ടോന്താറിലെ ഈ ജയിലിലായിരുന്നു. അഞ്ച് തടവുകാരെ വരെ ഇവിടെ പാർപ്പിച്ചിരുന്നതായി പഴമക്കാർ പറയുന്നു. തടവുകാരെ കഠിനമായ മർദനമുറകൾക്കും വിധേയമാക്കിയിരുന്നു. തടവുകാരെ കെട്ടിയിട്ട് മർദിച്ചിരുന്ന മുക്കാലി അൻപത് വർഷം മുന്പ് വരെ ഇവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ജയിൽ ചരിത്ര സ്മാരകമാക്കണമെന്ന് നാട്ടുകാർ കേരള സംസ്ഥാന രൂപീകരണം മുതൽ ആവശ്യപ്പെട്ടുവരികയായിരുന്നു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു വകുപ്പിന്റെ ചുമതല ഏറ്റെടുത്തതുമുതൽ പ്രതീക്ഷയിലായിരുന്ന നാട്ടുകാർക്ക് അങ്ങേയറ്റം ആഹ്ളാദം പകരുന്നതാണ് പുതിയ തീരുമാനം. തൃശൂരിൽ നിന്നും പുരാവസ്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കണ്ടോന്താർ ജയിൽ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ജയിൽ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഴമ ചോരാതെ ജയിൽ പുനർനിർമിക്കുന്നത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതോടെ പുനസൃഷ്ടിക്കുന്ന ജയിൽ കെട്ടിടം കെയർടേക്കറെ ഏൽപ്പിക്കും. നിലവിൽ ജയിലിന് 22 സെന്റ് സ്ഥലമുണ്ടെങ്കിലും സബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.