കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവ്, സ്മാര്‍ട്ട് ഫോണിന്റെ കവര്‍ എന്നിവ കണ്ടെത്തി. സുനിയുടെ സുഹൃത്തായ പ്രിയേഷിന്റെ പൊന്നുരുന്നിയിലുള്ള വീട്ടിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തിനു ശേഷം സുനി ഈ വീട്ടിലെത്തിയിരുന്നു എന്ന വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. മതില് ചാടിക്കടന്നാണ് സുനി ഇവിടെയെത്തിയത്. ഫോണിന്റെ കവര്‍ പോലീസിനു ലഭിച്ചത് ഇവിടെ നിന്നാണ്.
തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനില്‍ പ്രിയേഷിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും സുനിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ സുനിയുടെ മൊഴി വിപരീതമായിരുന്നു. പ്രിയേഷുമായി അടുത്തബന്ധമുണ്ടെന്നും സംഭവത്തിനു ശേഷം രാത്രി 12.20 ഓടെ മതില് ചാടിക്കടന്ന് പ്രിയേഷിന്റെ വീട്ടിലെത്തിയതായും സുനി മൊഴി നല്കി. ഇതേത്തുടര്‍ന്ന് പ്രിയേഷിനെ ചോദ്യം ചെയ്യുകയും വീടു പരിശോധിക്കുകയുമായിരുന്നു. വീടിന്റെ മുറ്റത്ത് പാര്‍്ക്ക് ചെയ്ത വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് സുനിയെ പത്തു വര്‍ഷമായി പരിചയമുണ്ടെന്ന്് പ്രിയേഷ് മൊഴിനല്‍കി. വാടകയ്ക്ക് വാഹനങ്ങള്‍ നല്കുന്ന ജോലിയാണ് തനിക്കെന്നും ഇങ്ങനെയാണ് സുനിയെ പരിചയപ്പെട്ടതെന്നുമാണ് പ്രിയേഷ് പോലീസിനോടു പറഞ്ഞത്.
എന്നാല്‍ സുനി ആറ് ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് അറിയില്ലേ എന്ന ചോദ്യത്തിന് പാലായില്‍ നടന്ന ഒരു കവര്‍ച്ചക്കേസിലെ പ്രതിയാണെന്നു മാത്രമേ അറിവുണ്ടായിരുന്നുള്ളൂവെന്നും പിന്നീട് മോഷണം നിര്‍ത്തിയെന്നാണ് സുനി പറഞ്ഞതെന്നും പ്രിയേഷ് മൊഴി നല്കി. വൈറ്റിലയിലെ സെന്റ് റീത്താസ് റോഡില്‍ ഫോണ്‍ ഉപേക്ഷിച്ചുവെന്നാണ് സുനി മുമ്പ് മൊഴി നല്‍കിയിരുന്നത്. പ്രിയേഷിന്റെ വീട്ടു പരിസരത്ത് അരമണിക്കൂറോളം ചെലവഴിച്ചെങ്കിലും പ്രിയേഷ് വാതില്‍ തുറന്നില്ലെന്നും സുനി പറയുന്നു. മൊബൈല്‍ ഫോണ്‍ നശിപ്പിക്കും മുമ്പ് നടിയുടെ ദൃശ്യങ്ങള്‍ മെമ്മറിക്കാര്‍ഡിലേക്ക് മാറ്റിയിട്ടോണ്ടോയെന്ന് പോലീസിനു സംശയമുണ്ട്. കണ്ടെത്തിയ മെമ്മറികാര്‍ഡുകളും പെന്‍ഡ്രൈവുകളും ഉടന്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു.